ന്യൂഡൽഹി: സർക്കാർ ജീവനക്കാർക്ക് സൗജന്യ യാത്രകൾക്കും ഔദ്യോഗിക യാത്രകൾക്കും ഇനി മുതൽ ഏത് എയർലൈനിന്റെ സേവനവും ഉപയോഗിക്കാം. നേരത്തെ ഇത്തരം യാത്രകൾക്കായി എയർ ഇന്ത്യ മാത്രമേ ഉപയോഗിക്കാനാകുമായിരുന്നുള്ളു. കേന്ദ്ര സർക്കാർ എയർഇന്ത്യയെ ടാറ്റയ്‌ക്ക് കൈമാറിയതോടെയാണ് വർഷങ്ങളായുള്ള നിയമത്തിന് മാറ്റം വന്നിരിക്കുന്നത്.
രാജ്യാന്തര യാത്രകൾക്കും പുതിയ നിയമം ബാധകമായിരിക്കും. അതേസമയം സർക്കാർ നിർദ്ദേശിക്കുന്ന അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റുകൾ എടുക്കണം. കൃത്യമായ ഇടവേളകളിൽ സർക്കാർ ജീവനക്കാർക്ക് അവധിയോട് കൂടിയ സൗജന്യയാത്രയ്‌ക്കുള്ള അവസരം ലഭിക്കാറുണ്ട്. യാത്രയ്‌ക്കായി മുടക്കുന്ന പണം കൃത്യമായ മാനദണ്ഡ പ്രകാരം തിരികെ ലഭിക്കുകയും ചെയ്യും.
ഇതിനായി തിരഞ്ഞെടുക്കേണ്ട സൗകര്യങ്ങൾ സംബന്ധിച്ച് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതിൽ എയർലൈനിന്റെ വിഭാഗത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. എയർ ഇന്ത്യ ഇല്ലാത്ത റൂട്ടുകളിൽ യാത്ര ചെയ്യുന്നവരും ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.
Comments