കൊൽക്കത്ത: പിറന്നാൾ ദിനം വ്യത്യസ്തമായി ആഘോഷിക്കാനാണ് നാം എല്ലാവരും ഇഷ്ടപ്പെടുന്നത്. കേക്ക് മുറിക്കലും, മിഠായി വിതരണവുമെല്ലാം പഴഞ്ചനായി മാറുന്ന ഈ കാലഘട്ടത്തിൽ അതിലും ഉപരിയായി എങ്ങനെ പിറന്നാൾ ആഘോഷിക്കാം എന്ന അന്വേഷണത്തിലാണ് ഭൂരിഭാഗം ജനങ്ങളും. അത്തരത്തിൽ പശ്ചിമ ബംഗാളിലെ വ്യത്യസ്തമായ ഒരു പിറന്നാൾ ആഘോഷത്തിന്റെ വാർത്തകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
നൂറാം ജന്മദിനം ആഘോഷിച്ച മുർഷിദാബാദ് സ്വദേശി ബിശ്വനാഥ് സർക്കാരാണ് വാർത്തകളിലെ താരം. അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷം കളറാക്കാനായി മക്കളും, മരുമക്കളും, കൊച്ചുമക്കളും എല്ലാം ചേർന്ന് അദ്ദേഹത്തെ വീണ്ടും കല്യാണം കഴിപ്പിച്ചു. വധുവാകട്ടെ സ്വന്തം ഭാര്യയായ സുരോധ്വനിയും.
ഇന്നുവരെ ആരും തന്നെ ചിന്തിക്കാത്ത തരത്തിലാണ് ബിശ്വനാഥ് പിറന്നാൾ ആഘോഷിച്ചതെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം. ബിശ്വനാഥിന്റെ ആറ് മക്കളും, 23 കൊച്ചുമക്കളും, അവരുടെ മക്കളും എല്ലാം ചേർന്നാണ് ഈ പരിപാടി നടത്തിയത്. പരമ്പരാഗത രീതിയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും നാട്ടുകാരും പങ്കെടുത്തു.
1953ലായിരുന്നു ബിശ്വനാഥിന്റെയും സുരോധ്വനിയുടെയും വിവാഹം. അന്ന് സാമ്പത്തിക ശേഷി കുറവായിരുന്നതിനാൽ ചടങ്ങുകൾ ചുരുക്കി ചെറിയ രീതിയിലായിരുന്നു വിവാഹം. ഇന്ന് മക്കളും, ചെറുമക്കളും ഉദ്യോഗസ്ഥരായി. ഏവരും നന്നായി സമ്പാദിക്കുന്നു. അതിനാൽ തന്നെ വളരെ വിപുലമായ രീതിയിലായിരുന്നു ചടങ്ങുകൾ എന്ന് ബിശ്വനാഥ് പറയുന്നു.
വിവാഹത്തിൽ സുരോധ്വനിയുടെ കുടുംബക്കാരും പങ്കെടുത്തു. ബംഗാളി സംസ്‌കാരം അനുസരിച്ച് സ്വന്തം വീട്ടുകാരോടൊപ്പമാണ് സുരോധ്വനി വിവാഹത്തിനെത്തിയത്. വിവാഹത്തിന് രണ്ട് ദിവസങ്ങൾക്ക് മുൻപാണ് സുരോധ്വനിയെ സ്വന്തം വീട്ടിലേയ്‌ക്ക് കൊണ്ടുവിട്ടത് എന്ന് ചെറുമക്കൾ പറഞ്ഞു. വിവാഹ ദിനം സുരോധ്വനിയെ കല്യാണപ്പെണായി ഒരുക്കിയത് ചെറുമക്കൾ തന്നെയാണ്.
വധു, വിവാഹ വേദിയിലേയ്‌ക്ക് എത്തിയപ്പോൾ ഏവരും ചേർന്ന് ആർപ്പ് വിളിച്ചും പടക്കം പൊട്ടിച്ചും അവരെ ആനയിച്ചു. പരസ്പരം ഹാരങ്ങൾ അണിഞ്ഞ് ഇരുവരും വീണ്ടും വിവാഹിതരായി. കറൻസി നോട്ടുകൾകൊണ്ടുള്ള ഹാരമാണ് ഇരുവരും അണിഞ്ഞത്. വിവാഹത്തിന് ശേഷം ഏവർക്കും ഗംഭീരമായ ഭക്ഷണ സൽക്കാരവും നടത്തിയതായി സുരോധ്വനിയുടെ കുടുംബം പറഞ്ഞു.
















Comments