അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസിൽ കുറ്റക്കാരായി വിചാരണ കോടതി കണ്ടെത്തിയവരിൽ നാല് പേർ മലയാളികൾ. ഇവരിൽ മൂന്ന് പേർക്ക് വധ ശിക്ഷയും ഒരാൾക്ക് ജീവപര്യന്തം ശിക്ഷയുമാണ് ലഭിച്ചിരിക്കുന്നത്. വാഗമൺ, പാനായിക്കുളം തീവ്രവാദ പരിശീലന ക്യാമ്പുകളിൽ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ടവരടങ്ങുന്നതാണ് പട്ടികയിലെ മലയാളികൾ.
ഈരാറ്റുപേട്ട സ്വദേശികളായ ഷാദുലി, സഹോദരൻ ഷിബിലി, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീൻ എന്നിവർക്കാണ് വധശിക്ഷ ലഭിച്ചിരിക്കുന്നത്. ആലുവ കുഞ്ഞുണ്ണിക്കര സ്വദേശിയായ മുഹമ്മദ് അൻസാരിയ്‌ക്ക് ജീവപര്യന്തമാണ് ലഭിച്ചിരിക്കുന്നത്. ഷറഫുദ്ദീന്റെ പിതാവ് സൈനുദ്ദീൻ ഉൾപ്പെടെയുള്ള 28 പേരെ കോടതി വെറുതെ വിട്ടിരുന്നു. കൊടും കുറ്റവാളികളാണ് വധശിക്ഷ ലഭിച്ചിരിക്കുന്ന മലയാളികൾ.
സഹോദരങ്ങളായ ഷാദുലിയും ഷിബിലിയും വാഗമൺ കേസിലും അൻസാറും ഷാദുലിയും പാനായിക്കുളം കേസിലും ശിക്ഷിക്കപ്പെട്ടിരുന്നു. സാബർമതി ജയിലിൽ നിന്ന് തുരങ്കമുണ്ടാക്കി രക്ഷപെടാൻ ശ്രമിച്ച കേസിൽ പ്രതിയാണ് ഷിബിലി. ബോംബുകൾക്കുള്ള ചിപ്പുകൾ തയ്യാറാക്കി നൽകിയതാണ് ഷറഫുദ്ദീനെതിരായ കുറ്റം. കൂട്ടുപ്രതിയും ഇയാളുടെ ബന്ധുവുമായ അബ്ദുൾ റഹ്മാൻ കശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു.
2008ൽ ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിൽ 70 മിനിറ്റ് വ്യത്യാസത്തിൽ 21 ബോംബുകളാണ് പൊട്ടിത്തെറിച്ചത്. 200 ഓളം പേർക്ക് പരിക്കേൽക്കുകയും 56 പേർ കൊല്ലപ്പെടുകയും ചെയ്തു. ഇന്ത്യൻ മുജാഹിദ്ദീനുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായ എല്ലാവരും. 79 പ്രതികളാണ് അറസ്റ്റിലായത്. ഒരാൾ മാപ്പ് സാക്ഷിയായി, മറ്റൊരാൾക്ക് മാറാരോഗം പിടിപെടുകയും ചെയ്തു. പിന്നീട് 77 പേരെയാണ് വിചാരണ ചെയ്തത്. 2009ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.
ഇവർ നിരപരാധികളാണെന്ന പ്രചാരണവുമായി പോപ്പുലർ ഫ്രണ്ട് രംഗത്തെത്തിയിരുന്നു. മോചിപ്പിക്കാൻ ഐക്യദാർഢ്യ സദസ്സ് തുടങ്ങിയ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് കോടതി വിധി വന്നത്.
















Comments