കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് സമർപ്പിച്ച ഹർജിയിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി. വധഗൂഢാലോചന കേസിന്റെ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടിയത്. രണ്ടാഴ്ചയ്‌ക്കുള്ളിൽ വിശദമായ മറുപടി നൽകാൻ കോടതി ആവശ്യപ്പെട്ടു.
ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും നിയമവിരുദ്ധമായാണ് തനിക്കെതിരെ അന്വേഷണം നടത്തുന്നതെന്നും ദിലീപ് ആരോപിച്ചിരുന്നു. അന്വേഷണത്തിന്റെ പേരിൽ പോലീസ് ഉപദ്രവിക്കുകയാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി. അതേസമയം പ്രോസിക്യൂഷൻ ദിലീപിന്റെ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. ഹർജി രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ഇതിനിടെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ് സംവിധായകൻ ബാലചന്ദ്രകുമാർ. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ബാലചന്ദ്രകുമാർ പറയുന്നു. ബലാത്സംഗ ആരോപണത്തിന് പിന്നിൽ നടൻ ദിലീപാണ്. ദിലീപിനെതിരെ ആരോപണം ഉന്നയിച്ചതിനെ പ്രതികാരമായാണ് തനിക്കെതിരെ ബലാത്സംഗ പരാതി നൽകിയത്. തന്നെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ബാലചന്ദ്രകുമാർ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു. കേസിൽ തിരുവനന്തപുരം സൈബർ സെൽ ചോദ്യം ചെയ്യാൻ വിളിച്ചതിന് പിന്നാലെയാണ് ബാലചന്ദ്രകുമാർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
Comments