തിരുവനന്തപുരം : നയതന്ത്ര ചാനൽ വഴിയുള്ള ഖുർ ആൻ – ഈന്തപ്പഴ കടത്ത് കേസുകളിൽ കസ്റ്റംസ് ഷോക്കോസ് നോട്ടീസ് ഉടൻ. മുൻ മന്ത്രി കെ ടി ജലീലിനും, സി ആപ്റ്റിനും, ഖുർ ആനുകൾ കൈപ്പറ്റിയ മറ്റ് സ്ഥാപനങ്ങൾക്കുമാകും നോട്ടീസ് നൽകുക. യു എ ഇ മുൻ കോൺസുൽ ജനറലിനും, അറ്റാഷെയ്ക്കും ഷോക്കോസ് നോട്ടീസ് നൽകാൻ വിദേശകാര്യ മന്ത്രാലയം നേരത്തെ അനുമതി നൽകിയിരുന്നു.
സ്വർണക്കടത്ത് കേസിന് അനുബന്ധമായി അന്വേഷിച്ച ഖുർ ആൻ – ഈന്തപ്പഴ കടത്തുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചവർ ഉൾപ്പെടെയുള്ളവർക്കാണ് ഷോക്കോസ് നോട്ടീസുകൾ അയക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകളും, വിവരങ്ങളും നൽകാൻ കഴിയുന്ന സംഘടനകൾക്കും, വ്യക്തികൾക്കും നോട്ടീസ് നൽകും. കസ്റ്റംസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും നികുതി വെട്ടിപ്പാണ് പ്രധാനമായും കണ്ടെത്തിയതെങ്കിലും, സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളുടെ ഇടപെടലുകൾ മറ്റ് ദുരൂഹതകളും ഉയർത്തിയിരുന്നു. ഇതിലെ കണ്ടെത്തലുകൾ വ്യക്തമാക്കുന്നതാകും ഷോക്കോസ് നോട്ടിസ്.
2017ൽ പല സമയങ്ങളിലായി 17,000 കിലോ ഈന്തപ്പഴവും, 250 ബോക്സുകളിലായി ഖുർ ആനുകളും നികുതി വെട്ടിച്ച് എത്തിച്ച് വിതരണം ചെയ്തതിലായിരുന്നു അന്വേഷണം. കേസിൽ മന്ത്രിയായിരിക്കെ കെ ടി ജലീലിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഖുർ ആൻ, ഈന്തപ്പഴ കടത്തുകളിലെ പങ്കാളിത്തം അന്വേഷണത്തിൽ വ്യക്തമായതോടെയാണ് യു എ ഇ മുൻ കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി, അഡ്മിൻ അറ്റാ ഷെ റാഷിദ് ഖാമിസ് അലി എന്നിവർക്ക് ഷോക്കോസ് നോട്ടീസിന് അനുമതി തേടിയിരുന്നത്. ഇവർക്കുള്ള ഷോക്കോസ് നോട്ടീസ് വിദേശകാര്യ മന്ത്രാലയത്തിനാണ് കൈമാറുക.
യു എ ഇ കോൺസുലേറ്റിൽ നിന്ന് ഖുർ ആൻ പാക്കറ്റുകൾ എത്തിയിരുന്നുവെന്ന് മന്ത്രി കെ ടി ജലീൽ ചെയർമാനായുള്ള സ്വയംഭരണ സ്ഥാപനമായ സി ആപ്റ്റ് വിശദീകരിച്ചിരുന്നു. പിന്നീട് സി അപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തെത്തിച്ച് വിതരണം ചെയ്തു. ഷോക്കോസ് നോട്ടീസിന് ലഭിക്കുന്ന മറുപടി പരിശോധിച്ചായിരിക്കും കേസിൽ ഉൾപ്പെടുത്തുക. നയതന്ത്ര പ്രതിനിധികളിൽ നിന്ന് ഷോക്കോസിന് മറുപടി ലഭിച്ചില്ലെങ്കിലും തുടർ നടപടികളുമായി മുന്നോട്ടു പോകും.
Comments