തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര പരിവർത്തനത്തിന് വേണ്ടിയുള്ള നവീകരണമാണ് തദ്ദേശ സ്വയംഭരണ വകുപ്പിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാരിനുള്ളത്. ഇതിന്റെ ഫലമായാണ് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് യാഥാർത്ഥ്യമാകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരണത്തിന്റെ പ്രഖ്യാപനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട എല്ലാത്തിനേയും ഒരു കുടക്കീഴിൽ അണിനിരത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മുൻ സർക്കാർ ഈ വകുപ്പിനെ മൂന്ന് വിഭാഗമാക്കിയാണ് പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വകുപ്പ് ഏകീകരിക്കുക എന്നത് ജനങ്ങളുടെ അഗ്രഹമായിരുന്നു. ഗ്രാമ ജില്ലാ പഞ്ചായത്തുകൾ-പഞ്ചായത്ത് വകുപ്പ്, ബ്ലോക്ക് പഞ്ചായത്തുകൾ-ഗ്രാമ വികസന വകുപ്പ്, നഗരസഭകൾ-ധനകാര്യ വകുപ്പ് എന്നിങ്ങനെ വകുപ്പുകളിൽ വിഭജനമുണ്ടായിരുന്നു. ഇതിൽ നിന്നും വ്യത്യസ്തമായി എഞ്ചിനിയറിംഗ് വിഭാഗം ചീഫ് എഞ്ചിനിയറുടെ ഏകോപനത്തിലായിരുന്നു. ഇത്തരത്തിൽ വിവിധ വിഭാഗങ്ങളായി ചിതറിക്കിടന്ന തദ്ദേശ സ്വയംഭരണ രംഗം. ഫലപ്രദമായ രീതിയിൽ പ്രവർത്തിക്കുന്നതിന് ചില ഘട്ടത്തിൽ തടസങ്ങൾ നേരിട്ടു. ഇതിന് പരിഹാരമായാണ് ഏകോപനത്തിന് തീരുമാനമുണ്ടായത് എന്ന് മുഖ്യമന്ത്രി അറിയിച്ചു.
സർക്കാർ സേവനങ്ങൾ പൗരന്റെ അവകാശമാണെന്ന ഓർമ്മ എല്ലാവർക്കും വേണം. ഇക്കാര്യങ്ങൾ സർക്കാർ ഉറപ്പാക്കും. വികസന പ്രവർത്തനങ്ങളെ തദ്ദേശ സ്ഥാപനങ്ങൾ വിശാലമായ രീതിയിൽ കാണണം. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ നിഷേധാത്മക സമീപനം പാടില്ല.
ചെറുകിട സ്ഥാപനങ്ങളോടും വൻകിട സ്ഥാപനങ്ങളോടും ശത്രുതാമനോഭാവം പാടില്ല. അഴിമതിയിൽ നിന്ന് പൂർണ്ണമായും മുക്തരാകണം. ജനങ്ങൾ യജമാന്മാരാണെന്നും അവരെ സേവിക്കുക എന്നതാകണം ഉദ്യോഗസ്ഥരുടെ മനസ്ഥിതി. ചിലർ വ്യവസായികളിൽ നിന്ന് പണം വാങ്ങുന്നു. അത്തരം ആളുകൾക്ക് വീട്ടിൽ അധികം ഭക്ഷണം കഴിക്കാൻ പറ്റില്ല. ജയിലിൽ പോകേണ്ടിവരും. അവിടെ സർക്കാർ ഭക്ഷണമുണ്ട് എന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുപ്പതിനായിരുത്തിലധികം ഉദ്യോഗസ്ഥരാണ് വകുപ്പിന്റെ ഭാഗമാകുന്നത്. ഫണ്ടാണ് ഏറ്റവും പ്രധാനം. ആറാം ധനകാര്യ കമ്മീഷൻ നിർദ്ദേശിക്കുന്ന ഡെവസപ്‌മെന്റ് ഗ്രാന്റിലും മെയ്‌ന്റെനൻസ് ഗ്രാന്റിലും ജനറൽ പർപ്പസ് ഗ്രാന്റിലുമുള്ള വർദ്ധന സർക്കാർ ഇതിനോടകം അംഗീകരിച്ചിട്ടുണ്ട്. ജി എസ് ടി വന്നതോടെ തദേശ സ്ഥാപനങ്ങൾക്കുണ്ടായ നികുതി ഇടിവ് സർക്കാർ പരിഹരിക്കും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
















Comments