കൊച്ചി: കൊച്ചി മെട്രോയുടെ തൂണിലെ ചെരിവ് കണ്ടെത്താൻ പരിശോധന തുടങ്ങി.
മെട്രോ റെയിലിന്റെ ഇടപ്പള്ളി പത്തടിപ്പാലത്തെ 347-ാം നമ്പർ തൂണിലായിരുന്നു ചെരിവ് കണ്ടെത്തിയത്. തൂണിന് ചുറ്റുമുള്ള മണ്ണ് നീക്കിയുള്ള പരിശോധനയാണ് നടക്കുന്നത്.
കെഎംആർഎൽ നടത്തിയ പ്രാഥമിക പരിശോധനയിൽ തകരാർ ബോദ്ധ്യപ്പെട്ടതോടെ വിശദാംശങ്ങൾ ഡിഎംആർസിയെയും അറിയിച്ചിട്ടുണ്ട്. പാളം ഉറപ്പിച്ചിരിക്കുന്ന കോൺക്രീറ്റ് ഭാഗമായ വയഡക്ടിന്റെ ചരിവു കൊണ്ടും, പാളത്തിനടിയിലെ ബുഷിന്റെ തേയ്മാനം കൊണ്ടും മെട്രോ പാളത്തിൽ ചരിവുകളുണ്ടാകാറുണ്ട്. എന്നാൽ തൂണിന്റെ ചരിവാണ് പ്രശ്‌നമെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്.
കെഎംആർഎല്ലിന്റെയും, ഡിഎംആർസിയുടെയും എഞ്ചിനീയർമാരുടെ നേതൃത്വത്തിലാണ് പരിശോധന. ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്നും ട്രെയിൻ സർവീസുകൾ അധിക ദിവസം മുടങ്ങാതെ തന്നെ തകരാറുകൾ പരിഹരിക്കാൻ കഴിയുമെന്നുമാണ് കെഎംആർഎൽ വ്യക്തമാക്കുന്നത്.
വയഡക്ടിനും, ട്രാക്കിനുമിടയിൽ ചെറിയൊരു വിടവ് കഴിഞ്ഞയാഴ്ചയാണ് ശ്രദ്ധയിൽപ്പെട്ടത്. തകരാറുകൾ വേഗത്തിൽ പരിഹരിക്കാനുള്ള ശ്രമമാണ് കെഎംആർഎൽ നടത്തുന്നത്.
തൂണിന്റെ അടിത്തറയ്‌ക്ക് ബലക്ഷയമുണ്ടായോയെന്ന പരിശോധനയാണ് നടക്കുന്നത്. മണ്ണിന്റെ ഘടനയിൽ വന്ന മാറ്റമാണോ ചരിവിന് കാരണമെന്ന് പരിശോധനയിൽ വ്യക്തമാകും. പത്തടിപ്പാലം ഭാഗത്ത് മെട്രോ ട്രെയിൻ വേഗത കുറച്ചാണ് സർവീസ് നടത്തുന്നത്.
Comments