ലക്‌നൗ: അഹമ്മദാബാദ് ബോംബ് സ്‌ഫോടനക്കേസ് വിധിക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് ജമയ്യത്തുൽ ഉലമ-ഇ-ഹിന്ദ് അദ്ധ്യക്ഷൻ മൗലാന അർഷാദ് മദനി. കേസിലെ 49 പ്രതികളിൽ 38 പേരെയും വധിശിക്ഷയ്‌ക്ക് വിധിച്ച അഹമ്മദാബാദ് പ്രത്യേക കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. ആവശ്യമെങ്കിൽ സുപ്രീം കോടതിയിലും വാദിക്കുമെന്ന് അർഷാദ് മദനി വ്യക്തമാക്കി.
പ്രത്യേക കോടതിയുടെ വിധി അവിശ്വസനീയമാണ്. വധശിക്ഷയിൽ നിന്നും രക്ഷപ്പെടുത്താൻ രാജ്യത്തെ ഏറ്റവും പ്രമുഖരായ അഭിഭാഷകരെ കൊണ്ടുവരുമെന്നും നിയമപോരാട്ടം നടത്തുമെന്നും അർഷാദ് മദനി പ്രതികരിച്ചു. ഹൈക്കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് ഉറച്ചുവിശ്വസിക്കുന്നത്. ഒരുപാട് കേസുകളിൽ കീഴ്‌ക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയും സുപ്രീം കോടതിയും വിധി പ്രസ്താവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഹമ്മദാബാദിലെ അക്ഷർധാം ക്ഷേത്രക്കേസിൽ വിചാരണ കോടതി മൂന്ന് പേർക്ക് വധശിക്ഷ വിധിച്ചിരുന്നു. യുഎസ് കോൺസുലേറ്റ് ആക്രമിച്ച കേസിൽ മുംബൈ സെഷൻസ് കോടതി ഏഴ് പേർക്ക് വധശിക്ഷയും വിധിച്ചു. എന്നാൽ ജമയ്യത്തുൽ ഉലമ-ഇ-ഹിന്ദിന്റെ ഇടപെടലിന്റെ ഫലമായി ഏഴ് പ്രതികളെ വെറുതെവിട്ടു. രണ്ട് പേരുടെ ശിക്ഷ ഏഴ് വർഷമായി കുറച്ചു. അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിലെ പ്രതികൾക്കും ഇത്തരത്തിൽ ആശ്വാസവിധിയുണ്ടാകുമെന്ന് അർഷാദ് മദനി പറഞ്ഞു.
















Comments