കിഴക്കമ്പലം: അവർ കൊല്ലുമെന്ന് പേടിച്ച് പണിക്ക് പോലും വിടാതിരുന്നതാ, എന്നിട്ടും അവർ…. അയൽവക്കത്ത് ആരോടും വേണേലും ചോദിക്ക് ഒരാളോടും ഒന്ന് നീങ്ങി നിൽക്കാൻ പോലും പറയാത്ത ആളാണ് ദീപു. അവർ കൊല്ലാൻ വേണ്ടി കരുതിക്കൂട്ടി നിന്നതാ, കുറച്ച് ദിവസമായി പിറകേ നടക്കുവായിരുന്നു. കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് മരിച്ച ദീപുവിന്റെ അച്ഛൻ കുഞ്ഞാറുവിന്റെ വാക്കുകളാണിത്.
ദീപുവിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാനെത്തിയ മാദ്ധ്യമപ്രവർത്തകരോട് സംഭവം വിശദീകരിക്കുമ്പോൾ പലപ്പോഴും കുഞ്ഞാറു വിങ്ങിപ്പൊട്ടി. ഹൃദ്രോഗി കൂടിയായ കുഞ്ഞാറുവിന് മകൻ അനുഭവിച്ച വേദന പങ്കുവെച്ചപ്പോൾ പലപ്പോഴും ശ്വാസം കിട്ടാതെ പ്രയാസപ്പെടുന്നുണ്ടായിരുന്നു.
ദീപുവിനെ തല്ലിയവനും അവന്റെ ബാപ്പയും ഉൾപ്പെടെ നാലഞ്ചു പേർ ഞായറാഴ്ച പാർട്ടി ഫണ്ട് പിരിക്കാൻ വീട്ടിൽ വന്നിരുന്നു. കൈയ്യിലുണ്ടായിരുന്ന അഞ്ച് രൂപയും അവർക്ക് കൊടുത്തു. ഏത് പാർട്ടിക്കാർ വന്നാലും ഉളള പൈസ ഞാൻ നൽകാറുണ്ട്. ശനിയാഴ്ച താൻ പണിക്ക് വിടാതിരുന്നതുകൊണ്ട് ഞായറാഴ്ചയും അവൻ പുറത്തു പോയിരുന്നില്ല. ശനിയാഴ്ച വിട്ടാൽ അവൻ ഒറ്റയ്‌ക്കല്ലേ പോകുന്നത് എവിടെയെങ്കിലും ചെന്ന് ഒരു ഒച്ചപ്പാടും തമ്മിൽ തല്ലും ഉണ്ടായാൽ എന്റെ കൊച്ച് പോകും അതുകൊണ്ടാണ് വിടാതിരുന്നത്.
തിങ്കളാഴ്ച പളളിക്കരയിലെ മകളെ വിളിച്ച് അവൾക്കൊപ്പം താൻ ആശുപത്രിയിൽ പോയി മരുന്ന് വാങ്ങി തിരിച്ചു വീട്ടിലെത്തിയപ്പോൾ അമ്മയും ദീപുവും കെട്ടിപ്പിടിച്ച് കരയുന്നതാണ് കണ്ടത്. അമ്മയുടെ മുഖം വല്ലാതിരിക്കുന്നത് കണ്ട് എന്താണെന്ന് ചോദിച്ചു. പൊട്ടിക്കരഞ്ഞ് അച്ഛൻ എന്നെ വിടാതിരുന്നതുകൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചതെന്ന് ദീപു അപ്പോഴാണ് പറയുന്നത്. ചോര തുപ്പുകയും ചെയ്തു. കുഞ്ഞാറു പറഞ്ഞു.
ട്വന്റി -20 യുടെ കമ്മറ്റിയംഗമായപ്പോൾ മുതൽ ദീപുവിനോട് സിപിഎംകാർക്ക് പ്രശ്‌നങ്ങൾ ഉണ്ടെന്ന് അച്ഛൻ പറഞ്ഞു. നിന്റെ അച്ഛനെ ഓർത്തിട്ടാണ് അല്ലെങ്കിൽ ഞങ്ങൾ നിന്നെ പണ്ടേ കൊന്നേനെ.. ഞാൻ കമ്യൂണിസ്റ്റുപാർട്ടിക്കാരനായി ഇരിക്കുകയാണെങ്കിൽ നിന്നെ കൊന്നിരിക്കുമെന്നുമൊക്കെ ദീപുവിനെ ഭീഷണിപ്പെടുത്തിയിരുന്നതായും വിങ്ങിപ്പൊട്ടി കുഞ്ഞാറു പറഞ്ഞു. കൊറോണ വന്നപ്പോഴും ഒരുപാട് ആളുകൾക്ക് സഹായമെത്തിച്ചതാണ് ദിപുവെന്ന് കുഞ്ഞാറു പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് ദീപുവിനെ സിപിഎമ്മുകാർ വളഞ്ഞിട്ട് മർദ്ദിച്ചത്. കഴുത്തിന് കുത്തിപ്പിടിച്ച് തലയ്‌ക്കടിക്കുകയായിരുന്നുവെന്നാണ് സംഭവത്തിന് ദൃക്‌സാക്ഷിയായ പഞ്ചായത്ത് അംഗം നിഷ അലിയാർ പറയുന്നത്. സൈനുദ്ദീൻ ആണ് കഴുത്തിന് കുത്തിപ്പിടിച്ചത്. തടയാൻ ചെന്നപ്പോൾ നീ ആരാടീ എന്നാക്രോശിച്ച് കൊണ്ട് നിഷയെയും ആക്രമിക്കാൻ മുതിർന്നു. ഭരണം തങ്ങൾക്കാണെന്നും ആശുപത്രിയിൽ പോയാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയാണ് ദീപുവിനെ വിട്ടതെന്നും നിഷ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇവരുടെ ഭീഷണിയിൽ ഭയന്നാണ് ദീപു രണ്ട് ദിവസം ചികിത്സ തേടാതിരുന്നത്. പിന്നീട് ചോര തുപ്പിയതോടെയാണ് രണ്ട് ദിവസത്തിന് ശേഷം വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
















Comments