ഛണ്ഡീഗഡ് : സഹോദരി മത്സരിക്കുന്ന മണ്ഡലത്തിലെ പോളിംഗ് ബൂത്ത് സന്ദർശിക്കാനെത്തിയ നടൻ സോനു സൂദിനെ തിരിച്ചയച്ചു. പഞ്ചാബിലെ മോഗയിലാണ് സംഭവം. സോനു സൂദ് എത്തിയ വാഹനവും തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചുവെച്ചു.
തെരഞ്ഞെടുപ്പ് ദിനത്തിൽ സോനുസൂദ് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി ശിരോമണി അകാലിദൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പോളിംഗ് ബൂത്തിന്റെ കോമ്പൗണ്ടിലേക്ക് സോനുസൂദിന്റെ വാഹനം പ്രവേശിച്ചതും തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥർ തടയുകയായിരുന്നു. തുടർന്ന് തിരിച്ച് പോകാൻ ആവശ്യപ്പെട്ടു. കാർ കസ്റ്റഡിയിൽ എടുത്തതിനാൽ മറ്റൊരു വാഹനത്തിലാണ് സോനു സൂദ് വീട്ടിലേക്ക് മടങ്ങിയത്. വീടിനുള്ളിൽ നിന്നും പുറത്തിറങ്ങിയാൽ സോനു സൂദിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സോനുവിന്റെ സഹോദരി മാളവിക മോഗ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്.
അതേസമയം വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് സോനുസൂദ് പറയുന്നത്. ആളുകളെ പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നത് ശിരോമണി അകാലിദൾ പ്രവർത്തകരാണ്. നിരവധി തവണ ശിരോമണി അകാലിദൾ പ്രവർത്തകർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടോയെന്ന കാര്യം ഉറപ്പാക്കാനുള്ള ബാദ്ധ്യത തങ്ങൾക്കുണ്ട്. അതുകൊണ്ടാണ് ബൂത്തിൽ എത്തിയതെന്നും സോനു വ്യക്തമാക്കി.
Comments