കൊച്ചി: മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ വിമർശനവുമായി വീണ്ടും സ്വപ്‌ന സുരേഷ്. ശിവശങ്കറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ എല്ലാം താൻ ഉറച്ച് നിൽക്കുന്നതായി സ്വപ്‌ന സുരേഷ് പറഞ്ഞു. താൻ ഉപദ്രവിക്കുമെന്ന പേടിയാണ് വിമർശകർക്കുള്ളത്. ജീവിക്കാൻ അനുവദിക്കണമെന്ന് അത്തരക്കാരോട് അപേക്ഷിക്കുകയാണ്. തന്നെ കൊല്ലാൻ കുറച്ച് വിഷം മതിയെന്നും വിഷമാണെന്ന് പറഞ്ഞ് കൊണ്ട് തന്നാൽ കഴിയ്‌ക്കുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
എച്ച്ആർഡിഎസ് നൽകിയ ഓഫർ താൻ സ്വീകരിക്കുകയായിരുന്നു. ജീവിക്കാൻ നിവൃത്തിയില്ലാതെ നിൽക്കുന്ന തനിക്ക് തെരഞ്ഞെടുക്കാൻ ഒരുപാട് അവസരങ്ങൾ ഒന്നും ഇല്ലായിരുന്നു. ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ ആരോപണങ്ങൾക്ക് പിന്നിൽ എന്തൊക്കെയോ ഉദ്ദേശങ്ങൾ ഉണ്ടെന്നാണ് കരുതുന്നതെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
‘ശിവശങ്കർ സാറിനോട് പറയാനുള്ളത്, നിങ്ങൾക്ക് എന്നെ കൊല്ലാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. നിങ്ങൾ വന്ന് എനിക്കും കുട്ടികൾക്കും അമ്മയ്‌ക്കും കുറച്ച് വിഷം നൽകി കൊല്ലൂ. നിങ്ങൾ നൽകുന്ന വിഷം കഴിച്ച് മരിക്കാൻ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുത്’ സ്വപ്‌ന സുരേഷ് പറഞ്ഞു. ജോലി ലഭിച്ചത് വിവാദമാക്കുന്ന സിപിഎം നേതാക്കൾക്കെതിരേയും സ്വപ്‌ന സുരേഷ് പൊട്ടിത്തെറിച്ചു. ജീവിക്കാൻ അനുവദിക്കണം. താൻ ആരേയും ബുദ്ധിമുട്ടിച്ചില്ലെന്നും ജോലിയിൽ മാറ്റമൊന്നും ഇല്ലെന്ന് കമ്പനി അറിയിച്ചതായും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.
നിലവിലെ ബിജെപി നേതാവും മുൻ കോൺഗ്രസ് എംപിയുമായ എസ് കൃഷ്ണകുമാറാണ് എച്ച്ആർഡിഎസ് ചെയർമാൻ. ഇതിനെ തുടർന്ന് സ്വപ്‌നയ്‌ക്ക് ജോലി നൽകിയ സ്ഥാപനവുമായി ബിജെപിയ്‌ക്ക് അടുത്ത ബന്ധമാണുള്ളതെന്ന തരത്തിൽ സിപിഎം പ്രചാരണം നടത്തിയിരുന്നു. പിന്നാലെ എച്ച്ആർഡിഎസ് എന്ന എൻജിഒയുമായി ബിജെപിയ്‌ക്ക് ഒരു ബന്ധവുമില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും വ്യക്തമാക്കി. എച്ച്ആർഡിഎസും രാഷ്‌ട്രീയ ബന്ധങ്ങൾ ഉണ്ടെന്ന വാദം നിഷേധിച്ച് എത്തിയിരുന്നു.
















Comments