ലണ്ടൻ: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ യുദ്ധത്തിനാണ് റഷ്യ തയ്യാറെടുക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. 1945ന് ശേഷം യുറോപ്പിനെതിരെയുള്ള ഏറ്റവും വലിയ യുദ്ധത്തിനാണ് റഷ്യ ഒരുങ്ങിയിരിക്കുന്നതെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. യുക്രെയ്ൻ-റഷ്യ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലാണ് ബോറിസ് ജോൺസണിന്റെ പരാമർശം.
നിലവിലെ നീക്കങ്ങൾ നൽകുന്ന സൂചന ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം തന്നെയാണ്. യുക്രെയ്ൻ തലസ്ഥാനമായ കീവിനെ റഷ്യൻ സൈന്യം വളയാൻ സാദ്ധ്യതയുണ്ട്. 1945ലെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിൽ നടക്കുന്ന ഏറ്റവും വലിയ യുദ്ധമാകും ഇതെന്ന് ഭയപ്പെടുന്നതായും ബോറിസ് ജോൺസൺ പറഞ്ഞു. യുക്രെയിനിലെ ജനങ്ങളുടെ മാത്രമല്ല റഷ്യൻ ജനങ്ങളുടെ ജീവനും ഇത് ഭീഷണിയാണെന്നും ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു.
യുഎസ് സർക്കാർ നൽകുന്ന ഏറ്റവും പുതിയ കണക്കുകൾ പ്രകാരം റഷ്യയിലും അയൽ രാജ്യമായ ബെലാറസിലും 169,000ത്തിനും 190,000ത്തിനും ഇടയിൽ റഷ്യൻ സൈനികർ ഇപ്പോൾ ഉക്രെയ്‌ന്റെ അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുണ്ട്. കിഴക്കൻ യുക്രെയ്‌നിലെ വിമതരും ഇതിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ റഷ്യ ഇക്കാര്യങ്ങൾ തള്ളുകയാണ് ചെയ്യുന്നത്. പ്രദേശത്ത് സൈനികർ സൈനികാഭ്യാസം നടത്തുകയെന്നാണ് റഷ്യ പറയുന്നത്.
റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിൻ യുക്തി രഹിതമായാണ് ചിന്തിക്കുന്നതെന്നും ബോറിസ് ജോൺസൺ പറയുന്നു. മുന്നിലുള്ള വലിയ യുദ്ധത്തെ കാണുന്നില്ലെന്നാണ് ബോറിസ് ജോൺസൺ പറഞ്ഞത്. കഴിഞ്ഞ ദിവസം യുക്രെയ്ൻ-റഷ്യ വിഷയവുമായി ബന്ധപ്പെട്ട് വ്‌ലാഡിമർ പുടിനുമായി ബോറിസ് ജോൺസൺ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബോറിസ് ജോൺസൺ വിഷയത്തിൽ പ്രതികരിച്ച് എത്തിയത്.
Comments