ന്യൂഡൽഹി: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി കൊറോണയിൽ നിന്നും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും രാജ്ഞി വേഗം സുഖം പ്രാപിക്കട്ടെയെന്ന് ട്വിറ്ററിൽ കുറിച്ചു.
‘എലിസബത്ത് രാജ്ഞി വേഗം സുഖം പ്രാപിക്കട്ടെ. രാജ്ഞിയുടെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇന്നലെയാണ് എലിസബത്ത് രാജ്ഞിയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചത്. രാജ്ഞിയ്‌ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. നിലവിൽ രാജ്ഞി വിൻഡ്‌സർ കാസിൽ വസതിയിൽ തുടരുകയാണ്.
അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ രാജ്ഞി ചെറിയ ജോലികൾ നിർവഹിച്ചു തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി കൊട്ടാരം വൃത്തങ്ങൾ പറഞ്ഞു. എലിസബത്ത് രാജ്ഞി കൊറോണ വാക്‌സിന്റെ മൂന്ന് ഡോസുകളും സ്വീകരിച്ചിട്ടുള്ളതായി ബക്കിംങ്ഹാം കൊട്ടാരം വ്യക്തമാക്കി. അതേസമയം, രാജ്ഞിയുടെ മൂത്തമകൻ(പ്രിൻസ് ഓഫ് വെയിൽസ്) ചാൾസ് രാജകുമാരനും മരുമകൾ കാമിലയ്‌ക്കും അടുത്തിടെ കൊറോണ ബാധിച്ചിരുന്നു.
Comments