ന്യൂഡൽഹി: ചെസ്സിലെ മുടിചൂടാമന്നനും ലോക ചാമ്പ്യനുമായ മാഗ്നസ് കാൾസനെ അടിയറവ് പറയിച്ച് ഇന്ത്യയുടെ 16കാരൻ ഗ്രാൻഡ്മാസ്റ്റർ. ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയാണ് നോർവെയുടെ കാൾസനെ തറപറ്റിച്ച് തകർപ്പൻ വിജയം കരസ്ഥമാക്കിയത്. എയർതിങ്‌സ് മാസ്റ്റേഴ്‌സ് ഓൺലൈൻ റാപിഡ് ചെസ്സ് പോരാട്ടത്തിലാണ് ഇന്ത്യൻ താരത്തിന്റെ ഉജ്ജ്വല വിജയം.
ടൂർണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ കൂടിയാണ് ഈ കൗമാരക്കാരൻ. എട്ടാം റൗണ്ട് പോരാട്ടത്തിലാണ് ലോക ചാമ്പ്യനെ പ്രഗ്നാനന്ദ മുട്ടുകുത്തിച്ചത്. തുടർച്ചയായ മൂന്ന് മത്സരങ്ങൾ വിജയിച്ചെത്തിയ കാൾസന് ഇന്ത്യൻ താരത്തിന് മുന്നിൽ അടിയറവ് വെയ്‌ക്കേണ്ടി വന്നു.
ടൂർണമെന്റിൽ പ്രഗ്നാനന്ദയുടെ ആദ്യ വിജയമാണിത്. 39 നീക്കങ്ങൾക്കാണ് പ്രഗ്നാനന്ദ ലോക ചാമ്പ്യനെ വീഴ്‌ത്തിയത്. തുടർച്ചയായ മൂന്ന് മത്സരങ്ങൾ പൊരുതി തോറ്റ ശേഷമാണ് കൗമാരക്കാരൻ കാൾസിന് മുന്നിലെത്തിയത്. എന്നാൽ, നാലാം പോരാട്ടത്തിൽ പ്രഗ്നാനന്ദ ലോക ചമ്പ്യനെ തന്നെ മുട്ടുകുത്തിച്ചു.
ആരാണ് ആർ പ്രഗ്നാനന്ദ?
- ചെസ്സിലെ അതികായനായ പ്രതിഭയാണ് പ്രഗ്നാനന്ദ. അഭിമന്യു മിശ്ര, സെർജി കർജാകിൻ, ഗുകേഷ് ഡി, ജാവോഖിർ സിന്ദറോവ് എന്നിവർക്ക് ശേഷം ഗ്രാൻഡ്മാസ്റ്റർ പട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പ്രഗ്നാനന്ദ.
- 2013ൽ ലോക യൂത്ത് ചെസ്സ് ചാമ്പ്യൻഷിപ്പ് അണ്ടർ-8 കിരീടം നേടി, ഏഴാമത്തെ വയസ്സിൽ ഫിഡെ മാസ്റ്റർ പദവി സ്വന്തമാക്കി. 2015ൽ അണ്ടർ-10 കിരീടവും നേടി.
- 2016ൽ, 10 വയസ്സുള്ളപ്പോൾ, ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്‌ട്ര ചെസ്സ് മാസ്റ്ററായി.
- 2022ലെ ടാറ്റ സ്റ്റീൽ ചെസ്സ് ടൂർണമെന്റിന്റെ മാസ്‌റ്റേഴ്‌സ് വിഭാഗത്തിൽ പ്രഗ്നാനന്ദ കളിച്ചു. ആൻഡ്രി എസിപെങ്കോ, വിദിത് ഗുജറാത്തി, നിൽസ് ഗ്രാൻഡെലിയസ് എന്നിവർക്കെതിരായ മത്സരങ്ങളിൽ വിജയിച്ച് 5.5 പോയന്റുമായി 12-ാം സ്ഥാനം കരസ്ഥമാക്കി.
English summary: India’s 16-year-old GM R Praggnanandhaa stuns world no. 1 Magnus Carlsen
















Comments