ബെംഗളൂരു: ശിവമോഗയിൽ കൊല്ലപ്പെട്ട ബജ്‌റംഗ് ദൾ പ്രവർത്തകൻ ഹർഷയ്‌ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഹിജാബ് വിവാദത്തിനിടെ, മതമൗലിക വാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹർഷയുടെ ഭൗതികദേഹം വിലാപയാത്രയായി കൊണ്ടുപോയി. ഹർഷയുടെ വീട്ടിലേക്കുള്ള വിലാപയാത്രയിൽ ആയിരക്കണക്കിന് പേർ അന്ത്യാഞ്ജലിയർപ്പിക്കാൻ വഴിയോരങ്ങളിൽ കാത്തുനിന്നു. പോലീസിന്റെ സുരക്ഷാ സന്നാഹത്തിന്റെ അകമ്പടിയോടെയാണ് വിലാപയാത്ര നടന്നത്.
ബജ്‌റംഗ് ദൾ നേതാവും 26-കാരനുമായിരുന്ന ഹർഷ ഞായറാഴ്ചയാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്കുള്ള വഴിമധ്യേ ഹർഷയെ മതമൗലികവാദികൾ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഇതുവരെ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ടെന്ന് ശിവമോഗ പോലീസ് സൂപ്രണ്ട് ബി.എം ലക്ഷ്മി പ്രസാദ് അറിയിച്ചു. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തിൽ പങ്കുവഹിച്ച മറ്റ് പ്രതികൾ പിടിയിലാകാനുണ്ടെന്നും പോലീസ് വ്യക്തമാക്കി. നിലവിൽ പ്രതികളെ സഹായിച്ചയാളുകളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
ഹിജാബ് വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചതിനാലാണ് ഹർഷയെ കൊലപ്പെടുത്തിയതെന്ന് ബജ്‌റംഗ് ദൾ നേതാക്കൾ പ്രതികരിച്ചിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് ഹർഷയ്‌ക്ക് വധഭീഷണി ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സംഭവത്തിൽ കേസന്വേഷണം തുടരുകയാണ്.
















Comments