ചണ്ഡിഗഡ്: ഉടൽ ചേർന്ന നിലയിൽ ജനിച്ചു വീണ സയാമീസ് ഇരട്ടകൾക്ക് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് വോട്ട്. പോളിംഗ് ബൂത്തിൽ വോട്ടിംഗിലെ സ്വകാര്യത ഉറപ്പാക്കാൻ പ്രത്യേക കണ്ണട ധരിച്ചാണ് ഇരട്ടകളായ സോഹ്നയും മോഹ്നയും വോട്ട് ചെയ്തത്. ഒരാൾ വോട്ട് ചെയ്യുന്നത് മറ്റൊരാൾ കാണാത്ത വിധമായിരുന്നു കണ്ണടയുടെ ക്രമീകരണം.
അമൃത്സറിലെ മനവാൾ സ്വദേശിയായ സോഹ്നയ്‌ക്കും മോഹ്നയ്‌ക്കും വെവ്വേറെ തിരിച്ചറിയൽ കാർഡ് നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു. പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പകറേഷന്റെ സപ്ലേ കൺട്രോൾ സംവിധാനത്തിലാണ് ഇരുവരും ജോലി ചെയ്യുന്നത്. ഇന്ത്യയിൽ ആദ്യമായി സർക്കാർ ജോലി ലഭിക്കുന്ന സയാമീസ് ഇരട്ടകളും ഇവരാണ്.
2003 ജൂൺ 14ന് ന്യൂഡൽഹിയിലെ സുചേത കൃപലാനി ആശുപത്രിയിലാണ് ഇരുവരും ജനിച്ചത്. ജനിച്ച അന്ന് മുതൽ പ്രതിസന്ധികളും വേദനകളുമാണ് ഇരുവരും നേരിട്ടത്. സയാമീസ് ഇരട്ടകളാണെന്ന് അറിഞ്ഞ മാതാപിതാക്കൾ ഇവരെ ഉപേക്ഷിച്ചു. ഇരട്ടകളെ പിന്നീട് എയിംസ് ആശുപത്രിയിലേക്ക് മാറ്റി. എയിംസ് അധികൃതർ പിന്നീട് ഇവരെ പഞ്ചാബിലെ തന്നെ ഒരു അഭയ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
ഒട്ടിച്ചേർന്ന ശരീരമാണെങ്കിലും രണ്ട് ഹൃദയം, രണ്ട് ജോഡി കൈകൾ, വൃക്കകൾ, സ്‌പൈനൽ കോഡ് എന്നിവയുമായാണ് സോഹ്നയും മോഹ്നയും പിറന്നത്. എന്നാൽ കരൾ, പിത്തസഞ്ചി, പ്ലീഹ എന്നിവ ഇരുവർക്കും പൊതുവായി ഒന്നു മാത്രമേയുള്ളൂ. കാലുകളും ഒരു ജോഡി മാത്രം. ഏതെങ്കിലുമൊരാളുടെ ജീവൻ നഷ്ടപ്പെടുമെന്നതിനാൽ ശസ്ത്രക്രിയയിലൂടെ ഇരുവരെയും വേർപെടുത്തേണ്ടെന്ന് ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു.
















Comments