ബംഗളൂരു: മതമൗലികവാദികൾ വെട്ടിക്കൊലപ്പെടുത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷയ്‌ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ. സംസ്‌കാര ചടങ്ങിനിനെ നഗരത്തിൽ മതമൗലികവാദികൾ ആക്രമണം അഴിച്ചുവിട്ടു. മൃതദേഹവുമായുള്ള വിലാപയാത്രയ്‌ക്ക് നേരെ കല്ലെറിയുകയും വാഹനങ്ങൾ കത്തിയ്‌ക്കുകയും ചെയ്തു. വെട്ടിക്കൊലപ്പെടുത്തിയിട്ടും കലിതീരാതെയുള്ള മതമൗലികവാദികൾ പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. അതേസമയം എല്ലാ അക്രമികളേയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ജനങ്ങൾക്ക് ഉറപ്പ് നൽകുകയും ചെയ്തു.
പോലീസിന്റെ സുരക്ഷാ സന്നാഹത്തിന്റെ അകമ്പടിയോടെയാണ് വിലാപയാത്ര നടന്നത്. അതിനാൽ തന്നെ അക്രമികൾ വിലാപയാത്രയ്‌ക്ക് നേരെ കല്ലെറിഞ്ഞപ്പോൾ പോലീസ് ഇവരെ തടയുകയും സംഘർഷാവസ്ഥ നിയന്ത്രിക്കുകയുമായിരുന്നു. അക്രമികളുടെ കല്ലേറിൽ പോലീസുകാരും സാധാരണക്കാരും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ജനങ്ങളെ പരിഭ്രാന്തരാക്കാൻ വേണ്ടി ഇവർ പ്രദേശത്തെ 20 ഓളം വാഹനങ്ങൾ കത്തിച്ചുവെന്ന് പോലീസ് അറിയിച്ചു.
ഹർഷയുടെ മരണത്തിന് കാരണമായവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബസവരാജ് ബൊമ്മൈ അറിയിച്ചിട്ടുണ്ട്. നിലവിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ശിവമോഗയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പോലീസിനോട് നിർദ്ദേശിച്ചു. അതേസയമയം കൊലയാളികളെ കുറിച്ചുള്ള കൂടുതൽ പ്രതികരണത്തിന് താനില്ലെന്നും സംഭവം പോലീസ് അന്വേഷിക്കുകയാണെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഹിജാബ് വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചതിനാലാണ് ഹർഷയെ കൊലപ്പെടുത്തിയതെന്ന് ബജ്റംഗ് ദൾ നേതാക്കൾ പ്രതികരിച്ചിരുന്നു. ഞായറാഴ്ച രാത്രിയാണ് ഹർഷയെ മതമൗലികവാദികൾ വെട്ടിക്കൊലപ്പെടുത്തുന്നത്. കൊല്ലപ്പെടുന്നതിന് മുമ്പ് ഹർഷയ്‌ക്ക് വധഭീഷണി ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സംഭവത്തിൽ കേസന്വേഷണം തുടരുകയാണ്.
















Comments