സ്വർണ നിറത്തിൽ തലമുടിയുള്ള, നീല കണ്ണുകളും, പിങ്കു നിറത്തിലുള്ള ചുണ്ടുകളുമുള്ള സുന്ദരിയായ പെൺകുട്ടി. ലോകമെമ്പാടുമുള്ള പെൺകുട്ടികളുടെ കളിക്കൂട്ടുകാരിയായ ഇവളുടെ പേര് ബാർബറ മില്ലിസെന്റ് റോബർട്ട്‌സ്. തന്റെ മകൾക്കായി റുത്ത് ഹാന്റ്‌ലർ ആദ്യമായി ബാർബിയെ നിർമ്മിച്ചപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാകുമെന്ന് സ്വപ്‌നത്തിൽ പോലും ചിന്തിച്ചുകാണില്ല. എല്ലാക്കാലത്തും വിവാദങ്ങൾ സൃഷ്ടിച്ച ബാർബി ഡോളുകൾ ലോക കളിപ്പാട്ട വിപണിയിൽ ഇടം നേടിയതിന് പിന്നിൽ ആരും അറിയാത്തൊരു കഥയുണ്ട്.
കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി കളിപ്പാട്ട വിപണിയിലെ ശക്തമായ സാന്നിദ്ധ്യമായ ബാർബി ഡോളുകൾക്ക് കോടി കണക്കിന് സ്ത്രീ ആരാധകരാണ് ഇന്നുള്ളത്. ഓരോ മൂന്ന് സെക്കന്റിലും ഓരോ ബാർബി ഡോളുകൾ വിറ്റുപോകുന്നുണ്ടെന്നാണ് കണക്കുകൾ. പ്രതിവർഷം വിറ്റഴിക്കുന്നതാകട്ടെ കോടിക്കണക്കിന് പാവകൾ. കാർട്ടൂൺ കഥാപാത്രങ്ങൾ ഉൾപ്പെടെ നിരവധി പാവകൾ വെല്ലുവിളി ഉയർത്തി വിപണിയിൽ മാറ്റുരച്ചെങ്കിലും ബാർബി ഡോളുകളെ വെല്ലാൻ ആയില്ല. ഇന്നും പെൺകുട്ടികളുടെ പ്രിയപ്പെട്ട കൂട്ടുകാരി ആരെന്ന് ചോദിച്ചാൽ ഉത്തരം ബാർബി എന്ന് തന്നെയാണ്.
ജർമൻ ബിൽഡ് ലില്ലി ഡോളുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് മറ്റെൽ കമ്പനിയുടെ സ്ഥാപകരിൽ ഒരാളായ റൂത്ത് ഹാൻഡ്‌ലർ ആണ് ബാർബി ഡോളുകൾക്ക് ജന്മമേകിയത്. തന്റെ മകൾക്കായി നിർമ്മിച്ച പാവകൾ ലോകമെമ്പാടുമുള്ള മക്കളുടെ പ്രിയപ്പെട്ടതായി മാറുമെന്ന് ഒരിക്കൽ പോലും റൂത്ത് ചിന്തിച്ചിരുന്നില്ല. 1959 ൽ മുതിർന്ന കുട്ടികൾക്ക് കളിക്കാൻ പാകത്തിലുള്ള പാവകളും വേണമെന്ന ചിന്തയാണ് ബാർബി ഡോളുകളുടെ പിറവിയ്‌ക്ക് കാരണമായത്.
തുടക്കം മുതൽ തന്നെ ബാർബി വിവാദ നായികയായിരുന്നു. ആധുനിക രീതിയിൽ വസ്ത്രങ്ങൾ ധരിച്ച് പരിഷ്‌കാരിയായി പ്രത്യക്ഷപ്പെടുന്ന ബാർബി ഡോളുകളുടെ ശരീര ഘടനായിരുന്നു വിവാദം തുടങ്ങിവെച്ചത്. കറുപ്പും വെളുപ്പും നിറത്തിലുള്ള സ്വിം സൂട്ട് ധരിച്ച പാവയെ ആയിരുന്നു ആദ്യമായി റൂത്ത് നിർമ്മിച്ചത്. വിവാദങ്ങൾക്കിടയിലും ബാർബി ഡോളുകൾക്ക് ആരാധകർ വർദ്ധിച്ചു. ആദ്യ ബാർബി ഡോൾ പുറത്തിറങ്ങിയ 1959 ൽ മാത്രം 3,50,000 പാവകൾ ആണ് കമ്പനി വിറ്റഴിച്ചത്.
ജനപ്രീതി വർദ്ധിച്ചതോടെ പാവയ്‌ക്കൊപ്പം മറ്റ് ചില വസ്തുക്കൾ കൂടി പ്രത്യക്ഷപ്പെടാൻ ആരംഭിച്ചു. തിളങ്ങുന്ന വസ്ത്രങ്ങൾ, കണ്ണട, ഫാൻസി സാധനങ്ങൾ, കാർ എന്നിങ്ങനെയുള്ള ആഡംബരത്തെ സൂചിപ്പിക്കുന്ന വസ്തുക്കൾ ആയിരുന്നു ഇത്. പിന്നീട് ബാർബിയ്‌ക്ക് കൂട്ടായി കാമുകൻ കെനും മറ്റ് ചില പെൺ സുഹൃത്തുക്കളും വിപണിയിൽ പ്രത്യക്ഷപ്പെട്ടു.
വളരെ വേഗത്തിലായിരുന്നു ബാർബി ഡോളുകൾ പെൺകുട്ടികളിൽ സ്വാധീനം ചെലുത്തിയത്. തുടക്കത്തിൽ ബാർബിയുടെ വസ്ത്രവും ബാർബി ഉപയോഗിക്കുന്ന വസ്തുക്കളും സ്വന്തമാക്കാൻ ആഗ്രഹിച്ച പെൺകുട്ടികൾ പിന്നീട് പാവയുടെ ശരീര സൗന്ദര്യം നേടാൻ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ ചെയ്തു തുടങ്ങി. ഇത് ബാർബി ഡോളുകൾക്കും നിർമ്മാണ കമ്പനിയ്‌ക്കും വലിയ വിമർശനമാണ് നേടിക്കൊടുത്തത്. എന്നാൽ ഇതൊന്നും ബാർബിയുടെ ജനപ്രീതിയ്‌ക്ക് മങ്ങൾ ഉണ്ടാക്കിയില്ലെന്നാണ് വിൽപ്പനയുമായി ബന്ധപ്പെട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.
ആദ്യപാവയ്‌ക്ക് മൂന്ന് ഡോളർ ആയിരുന്നു വില എങ്കിൽ ഇന്ന് ലക്ഷങ്ങൾ വിലയുള്ള പാവകൾ വിപണിയിൽ ലഭ്യമാണ്. വില നോക്കാതെ മാതാപിതാക്കൾ കുട്ടികൾക്ക് ഇത് വാങ്ങി നൽകാറുമുണ്ട് എന്നത് മുതിർന്നവരെയും ഈ സുന്ദരി ആകർഷിക്കുന്നു എന്നതാണ്.















Comments