തിരുവനന്തപുരം: ഡോ.കെ.ടി ജലീൽ എംഎൽഎയുടെ പുസ്തകം പുറത്ത് വരുന്നു. അരനൂറ്റാണ്ടിലെ ജീവിതമാണ് പുസ്തകത്തിലൂടെ വ്യക്തമാക്കുന്നതെന്ന് കെ ടി ജലീൽ പറഞ്ഞു. പച്ച കലർന്ന ചുവപ്പ് എന്നാണ് പുസ്തകത്തിന് പേര് നൽകിയിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണവും ലോകായുക്ത നീക്കങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജസ്റ്റിസ് സിറിയക് ജോസഫിന്റെ മുൻകാല ചരിത്രം തേടിയുളള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പുസ്തകത്തിലുണ്ടെന്നാണ് ജലീലിന്റെ അവകാശവാദം. 2006ലെ കുറ്റിപ്പുറം തിരഞ്ഞെടുപ്പും തുടർന്നുണ്ടായ ലീഗ്, മാദ്ധ്യമ വേട്ടയെ കുറിച്ചും ഇതിൽ പരാമർശിക്കുന്നുണ്ട്. ഇതിന് പുറമെ കുഞ്ഞാലിക്കുട്ടിയുമായി അകൽച്ചയും മുഖ്യമന്ത്രിയുമായുളള അടുപ്പത്തെക്കുറിച്ചുമെല്ലാം പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.
അതേസമയം ലോകായുക്തയ്‌ക്കെതിരെ ഇന്നും കെ.ടി.ജലീൽ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. അഭയ കേസിൽ സിറിയക് ജോസഫ് ഇടപെട്ടതായും ജലീൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രതിയെ രക്ഷിക്കാൻ സിറിയക് ജോസഫ് ഇടപെട്ടു. പ്രതികളുടെ നാർക്കോ പരിശോധനാ ലാബിൽ സിറിയക് ജോസഫ് സന്ദർശിച്ചുവെന്നും ജലീൽ ആരോപിച്ചു. ഇരിക്കുന്ന സ്ഥാനത്തോട് എന്തെങ്കിലും തരത്തിലുള്ള ബഹുമാനം ഉണ്ടെങ്കിൽ തൽസ്ഥാനം രാജിവയ്‌ക്കുകയാണ് സിറിയക് ജോസഫ് ചെയ്യേണ്ടത്. അല്ലെങ്കിൽ സിറിയക് ജോസഫിനെതിരായി മൊഴി കൊടുത്ത നാർക്കോ പരിശോധനാ ലാബിന്റെ അസിസ്റ്റന്റ് ഡയറക്ടർ ഡോ.എസ്.മാലിനി, സിബിഐ ഡിവൈഎസ്പി നന്ദകുമാർ നായർ, ജോമോൻ പുത്തൻപുരയ്‌ക്കൽ, കെ.ടി.ജലീൽ എന്നിവർക്കെതിരെ നടപടി സ്വീകരിക്കണം. രണ്ടിലൊരു കാര്യം അദ്ദേഹം ചെയ്യണമെന്നും കെ.ടി.ജലീൽ ആവശ്യപ്പെട്ടു.
Comments