സിനിമാ ആസ്വാദകർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതയായ നടിയാണ് കെ.പിഎ.സി ലളിത. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ബിഗ് സ്‌ക്രീനിലേയും മിനി സ്‌ക്രീനിലേയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കെപിഎസി ലളിത ഇനി ഓർമ്മയാണെന്നത് വിങ്ങലോടെ മാത്രമെ മലയാളികൾക്ക് ഓർക്കാനാകൂ. കെപിഎസി ലളിതയുടെ അഭിനയ മികവിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമൊക്കെയുള്ള സംവിധായകൻ കലൂർ ഡെന്നീസിന്റെ വാക്കുകളാണ് ഈ അവസരത്തിൽ ശ്രദ്ധനേടുന്നത്.
ജീവിതത്തിലായാലും അഭിനയത്തിലായാലും അഭിനയിക്കാൻ അറിയാത്ത നടിയെന്നാണ് കെപിഎസി ലളിതയെ ഡെന്നീസ് വിശേഷിപ്പിച്ചത്. സ്വഭാവികമായ ഒരു പരിചരണ രീതിയായിട്ടേ അഭിനയം അനുഭവപ്പെട്ടിട്ടുള്ളൂ. ജീവിതാനുഭവങ്ങളിലൂടെയും നാടകങ്ങളിലൂടെയും സ്വന്തമാക്കിയ അനുഭവസമ്പത്താണിത്. കലിയുഗമെന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ആദ്യമായി കെപിഎസി ലളിതയെ കാണുന്നതെന്ന് ഡെന്നീസ് പറഞ്ഞു. അനുഭവങ്ങളെ നന്ദി എന്ന ചിത്രത്തിനിടെയാണ് ഭരതനും കെപിഎസി ലളിതയും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകായായിരുന്നു.
വിവാഹ ശേഷം സിനിമയിൽ നിന്നും കെപിഎസി ലളിത ഇടക്കാല ബ്രേക്ക് എടുത്തിരുന്നു. ഇടവേളയ്‌ക്ക് ശേഷം സിനിമയിലേക്ക് വന്ന ലളിതയെ കാത്ത് നിരവധി അവസരങ്ങളാണ് വന്നത്. ഗജകേസരിയുടെ സെറ്റിൽ നിന്നും ലളിതയെ വിട്ടുകൊടുക്കില്ലെന്നായിരുന്നു പിജി വിശ്വംഭരൻ പറഞ്ഞത്. അതിനിടെയാണ് ഡെന്നീസിനെ ഭരതൻ വിളിച്ചത്. ‘നീയൊക്കെ എന്ത് ദ്രോഹമാണ് ചെയ്യുന്നത്. ഞാൻ വിവാഹം കഴിച്ചിരിക്കുന്ന എന്റെ സ്വന്തം ഭാര്യയെ വിട്ട് തരില്ലെന്ന് പറയുന്നത് എവിടത്തെ നിയമമാടാ, ഞാൻ കേസുകൊടുത്താൽ പുഷ്പം പോലെ ലളിതയെ ഇവിടെ കൊണ്ടുവന്ന് അഭിനയിപ്പിക്കും. അതുകൊണ്ട് വിശ്വഭംരനോട് വേഗം ലളിതയെ വിട്ടുതരാൻ പറഞ്ഞേക്ക് എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
‘ഭരതൻ ലളിതയെ വിവാഹം കഴിച്ചാതോടെയാണ് ലളിതയുടെ ജീവിതത്തിൽ വസന്തം ഉണ്ടായതെന്നും മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞതെന്നും ചില ലൊക്കേഷനിൽ വച്ച് കാണുമ്പോൾ ഞാൻ തമാശയോടെ പറയുമായിരുന്നു. അപ്പോൾ പല്ല് പുറത്ത് കാണിക്കാതെ അഭിമാന പുരസ്സരമുള്ള മനംമയക്കുന്ന ചിരിയുമായി ലളിത നിൽക്കും. ആ സ്വഭാവത്തിന് കാലമേറെ കഴിഞ്ഞിട്ടും ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതാണ് അവരുടെ വ്യക്തിത്തിന്റെ മകുടോദാഹരണമായി നാം കാണേണ്ടത്’ എന്നും കലൂർ ഡെന്നീസ് പറഞ്ഞ് നിർത്തുന്നു.
















Comments