വാഹനപ്രേമികളുടെ കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് നിരത്ത് കീഴടക്കാൻ പുതിയ 2022 ബലെനോ ഫേസ് ലിഫ്റ്റ് പ്രീമിയം ഹാച്ച്ബാക്ക് ഇതായെത്തി കഴിഞ്ഞു. പുതു തലമുറ ടെക്‌നോളജി ഉൾപ്പെടുത്തി നിർമ്മിച്ച വാഹനത്തിന് 6.35 ലക്ഷം മുതൽ 9.49 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. 11,000 രൂപയ്‌ക്ക് വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യവും മാരുതി ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. ടാറ്റ ആൾട്രോസ്, ഹ്യൂണ്ടായി ഐ20, ഹോണ്ട ജാസ് എന്നിവയ്‌ക്ക് കരുത്തനായ എതിരാളിയായാണ് ബലെനോ എത്തിയിരിക്കുന്നത്.

നെക്‌സാ ബ്ലൂ, ലക്‌സ് ബീജ്, പേൾ ആർട്ടിക് വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവര്, ഒപുലന്റ് റെഡ്, ഗ്രാൻഡ്യർ ഗ്രേ എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളാണ് കാർ ലഭിക്കുന്നത്. സിഗ്മ, ഡെൽറ്റ, സീറ്റ, സീറ്റ(O), ആൽഫ, ആൽഫ(O) എന്നീ ആറ് ട്രിം ലെവലുകളിലാണ് വാഹനം പുറത്തിറക്കിയിട്ടുള്ളത്. ഇവ പതിനൊന്ന് വേരിയന്റുകളായി വീണ്ടും തരം തിരിച്ചിട്ടുണ്ട്. 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 89 എച്ച്പി പവറും, 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ പുതുതായി പുറത്തിറക്കിയ എജിഎസ് ഗിയർബോക്‌സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം മൈലേജിൽ വിപ്ലവം സൃഷ്ടിച്ച് സെലേറിയോ പുറത്തിറക്കിയത് പോലെ തന്നെ പുതിയ ബലെനോയും മൈലേജിന്റെ കാര്യത്തിൽ ആൾ പുലിയാണ്. ബലെനോയുടെ മാനുവൽ വെർഷന് 22.3kmpl മൈലേജാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. അതേസമയം, ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 22.9kmpl മൈലേജാണ് നിർമ്മാതാക്കൾ നൽകുന്ന വാഗ്ദാനം.
മുൻഗാമിയെക്കാൾ വലിയ മാറ്റങ്ങളോടെയാണ് ഫേസ് ലിഫ്റ്റ് ബലെനോ അവതരിപ്പിച്ചിരിക്കുന്നത്. പഴയ ബലേനോയിൽ നിന്നും വ്യത്യസ്തമായി മുൻവശത്തെ ഗ്രില്ലിന് വലുപ്പം കൂട്ടിയിട്ടുണ്ട്. പിൻഭാഗത്ത് പുതിയ സി-ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകളും പുതിയ ടെയിൽഗേറ്റും വരുന്നു.

ഇന്റീരിയറിന്റെ കാര്യത്തിൽ, ഡാഷ്ബോർഡ് പൂർണമായും പുനർനിർമ്മിച്ചിരിക്കുന്നു. പാസഞ്ചർ സൈഡ് ഡാഷ്ബോർഡിൽ നിന്ന് സെന്റർ കൺസോളിലേയ്‌ക്ക് വരുന്ന അലുമിനിയം ഇൻസേർട്ട് ഡാഷ്ബോർഡ് വാഹത്തിന്റെ സവിശേഷതയാണ്. ഡ്യുവൽ ടോൺ ഇന്റീരിയറാണ് പുതിയ ബലേനോയ്‌ക്ക് നൽകിയിട്ടുള്ളത്. സെൻട്രൽ കൺസോളിൽ പുതിയ 9-ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് നൽകിയിരിക്കുന്നത്. ഇത് വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ആർക്കിമിസ് സൗണ്ട് സിസ്റ്റം, കണക്റ്റഡ് കാർ ടെക് എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്നു. 360-ഡിഗ്രി ക്യാമറ. ഹെഡ്സ്-അപ്പ് ഡിസ്പ്ലേ തുടങ്ങിയ സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതകളുമായാണ് പുതിയ ബനേലോ എത്തുന്നത്.

സുരക്ഷയുടെ കാര്യത്തിലും നിർമ്മാതാക്കൾ യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. ഇരുപതിലധികം സുരക്ഷ ഫീച്ചറുകൾ, ആറ് എയർബാഗുകൾ, ഇബിഎസ് ഇബിഡി, തുടങ്ങി ഇഎസ്പി വരെ വാഹനത്തിന് നൽകിയിട്ടുണ്ട്. ഹാർടെക് പ്ലാറ്റ്‌ഫോമിലാണ് വാഹനം എത്തുന്നത്.

English summary: 2022 Maruti Suzuki Baleno facelift launched at a starting price of ₹6.35 lakh
















Comments