തൃശ്ശൂർ : അഞ്ച് പതിറ്റാണ്ട് നീണ്ട അഭിയന ജീവിതത്തിനൊടുവിൽ അരങ്ങൊഴിഞ്ഞ് കെപിഎസി ലളിത. വടക്കാഞ്ചേരിയിലെ എങ്കക്കാട്ടെ വീട്ടുവളപ്പിൽ കൂട്ടിയ ചിത അഭിനയപ്രതിഭയുടെ ഭൗതികദേഹം ഏറ്റുവാങ്ങി. നിരവധി കഥാപാത്രങ്ങൾ ബാക്കിയാക്കി മടങ്ങിയ കെപിഎസി ലളിത ഇനി മലയാളികളുടെ ഒർമ്മകളിൽ.
വൈകീട്ട് ആറ് മണിയോടെ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ. മകൻ സിദ്ധാർത്ഥ് ചിതയ്‌ക്ക് തീകൊളുത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് കെപിഎസി ലളിതയെ ഒരു നോക്കു കാണാൻ എങ്കക്കാട്ടിലെ വീട്ടിലേക്കും പൊതുദർശന വേദികളിലേക്കും ഒഴുകിയെത്തിയത്.
പൊതുദർശനത്തിന് ശേഷം വൈകീട്ട് 5.45 യോടെയാണ് അന്ത്യകർമ്മങ്ങൾ പൂർത്തിയായത്. ശേഷം വീട്ടുവളപ്പിലേക്ക് കൊണ്ടുപോയി. ഭർത്താവ് ഭരതൻ അന്ത്യവിശ്രമം കൊള്ളുന്നതിന് അടുത്തായാണ് കെപിഎസി ലളിതയ്‌ക്കും ചിതയൊരുക്കിയത്.
വടക്കാഞ്ചേരി നഗരസഭയിലും, സംഗീത നാടക അക്കാദമിയിലും പൊതുദർശനത്തിന് വെച്ച ശേഷമാണ് സംസ്‌കാര ചടങ്ങുകൾക്കായി മൃതദേഹം ഏങ്കക്കാട്ടെ വീട്ടിൽ എത്തിച്ചത്. അരമണിക്കൂർ നേരം വീട്ടിലും പൊതുദർശനത്തിനുവെച്ചിരുന്നു. എറണാകുളത്ത് നിന്നും പ്രത്യേകം സജ്ജമാക്കിയ കെഎസ്ആർടിസി ബസിൽ ഉച്ചയോടെയാണ് മൃതദേഹം വടക്കാഞ്ചേരിയിൽ എത്തിച്ചത്. രാവിലെ 8 മുതൽ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ചിരുന്നു.
അഭിനയമികവ് കൊണ്ട് മലയാള സിനിമാ ലോകത്തെ വിസ്മയമായി മാറിയ കെപിഎസി ലളിത ഇന്നലെ രാത്രിയോടെയാണ് അന്തരിച്ചത്. തൃപ്പൂണിത്തുറയിലെ മകൻ സിദ്ധാർത്ഥിന്റെ ഫ്‌ളാറ്റിൽ ആയിരുന്നു അന്ത്യം. ഏറെ നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.
















Comments