കൊച്ചി: മെട്രോ പില്ലറിന്റെ അടിത്തറ ബലപ്പെടുത്താനുള്ള ജോലികൾ ആരംഭിച്ചു. കൊച്ചി മെട്രോ പത്തടിപ്പാലത്തെ 347-ാം നമ്പർ പില്ലറിന്റെ അടിത്തറയാണ് ബലപ്പെടുത്തുന്നത്. ഇതിനെ തുടർന്ന് മെട്രോ ട്രെയിൻ സമയത്തിൽ മാറ്റം വരുത്തിയതായി കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.
‘പത്തടിപ്പാലത്തെ 347-ാം നമ്പർ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ നടക്കുന്നതിനാൽ കൊച്ചി മെട്രോ ട്രെയിൻ സമയത്തിലും സർവ്വീസിലും പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ആലുവയിൽ നിന്ന് പേട്ടയിലേയ്ക്ക് 20 മിനിറ്റ് ഇടവിട്ടും, പത്തടിപ്പാലത്തുനിന്നും പേട്ടയ്ക്ക് 7 മിനിറ്റ് ഇടവിട്ടും ട്രെയിൻ ഉണ്ടാകും. അതേ പോലെ പേട്ടയിൽ നിന്ന് പത്തടിപ്പാലത്തേയ്ക്ക് 7 മിനിറ്റും, ആലുവയിൽ 20 മിനിറ്റ് ഇടവിട്ടും ട്രെയിൻ ഉണ്ടാകും’ കൊച്ചി മെട്രോ ഫേസ്ബുക്കിലൂടെ അറിയിച്ചു.
മെട്രോയുടെ തൂണിന് നേരിയ ചെരിവ് കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ പരിശോധന നടത്തിയിരുന്നു. തൂണിന് ചുറ്റുമുള്ള മണ്ണുനീക്കിയാണ് പരിശോധന നടത്തിയത്. കെഎംആർഎല്ലിന്റെയും, ഡിഎംആർസിയുടെയും എഞ്ചിനീയർമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments