ചെന്നൈ: തദ്ദേശഭരണതിരഞ്ഞെടുപ്പ് നല്‍കിയ ആത്മവിശ്വാസത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് കൂടുതല്‍ എംപിമാരെ പാര്‍ലമെന്റിലേക്ക് അയക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയുടെ പദ്ധതി. മിഷന്‍ 2024 എന്നപദ്ധതിയിലൂടെ കൂടുതല്‍ എംപിമാരെ വിജയിപ്പിക്കാനാണ് ശ്രമം നടത്തുന്നത്. നരേന്ദ്രമോദിയുടെ കേന്ദ്ര പദ്ധതികളോടാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് കടപ്പെട്ടിരിക്കുന്നതെന്ന് അണ്ണാമലൈ പറഞ്ഞു.
ബിജെപിക്കും സഖ്യകക്ഷികള്‍ക്കും കൂടി 39 എംപിമാരെ പാര്‍ലമെന്റിലേക്ക് അയക്കാനാണ് അണ്ണാമലൈ ലക്ഷ്യമിടുന്നത്. ഇതിനായി മിഷന്‍ 2024 പദ്ധതി ആവിഷ്‌കരിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പാര്‍ലമെന്റിലേക്ക് ഏറ്റവും കൂടുതല്‍ എംപിമാരെ തമിഴ്‌നാട്ടില്‍ നിന്നു പറഞ്ഞയയ്‌ക്കാനുള്ള ദൗത്യത്തിലാണ് അണ്ണാമലൈ.
സംസ്ഥാനത്ത് പാര്‍ലമെന്റ് സീറ്റുകള്‍ നേടുകയെന്നത് വെല്ലുവിളിയാണ്. എന്നാല്‍ ആ വെല്ലുവിളി ഏറ്റെടുക്കുമെന്നും ബിജെപിയും സഖ്യകക്ഷികളും ചേര്‍ന്ന് 39 സീറ്റുകള്‍ നേടുമെന്നും അണ്ണാമലൈ പറഞ്ഞു.
ഫെബ്രുവരി 22ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി അണ്ണാമലൈയെ വിളിച്ചിരുന്നു.
പ്രധാനമന്ത്രിക്ക് തമിഴ്‌നാടിനോട് പ്രത്യേക മമതയുണ്ട്. തമിഴ്‌നാട് വിജയംനേടുമ്പോഴെല്ലാം പ്രധാനമന്ത്രി ഞങ്ങളെ അഭിനന്ദിക്കുന്നു. പ്രധാനമന്ത്രി തമിഴ് ജനതയെ തന്റെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്നുവെന്നും അണ്ണാമലൈ പറഞ്ഞു.
50 ശതമാനം സീറ്റുകളില്‍ മാത്രമാണ് പാര്‍ട്ടി മത്സരിച്ചത്. ആകെ പോള്‍ ചെയ്ത 1,69,07,400 വോട്ടുകളില്‍ 9,48,734 വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചു. മുന്‍ തെരഞ്ഞെടുപ്പില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നാല് സീറ്റ് നേടിയ ബിജെപി ഇത്തവണ 22 സീറ്റ് നേടി. മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞ തവണ 37 സീറ്റ് ലഭിച്ചപ്പോള്‍ ഇത്തവണ അത് 56 ആയി ഉയര്‍ന്നു. പഞ്ചായത്തുകളില്‍ 185 സീറ്റുകളില്‍ നിന്ന് 230 ആയി ഉയര്‍ന്നു.
ബിജെപിക്കെതിരെ ഭരണകക്ഷി അധാര്‍മികമായി പെരുമാറുന്നുവെന്ന് അണ്ണാമലൈ പറഞ്ഞു. മാദ്ധ്യമങ്ങളെ ഉപയോഗിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. ദേശീയ ചിന്താഗതിയുള്ള പാര്‍ട്ടിയായതിനാല്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ബിജെപിക്ക് എതിരാണ്. എട്ടൊമ്പത് കക്ഷികള്‍ ബിജെപിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അണ്ണാമലൈ പറഞ്ഞു. ഡിഎംകെ തമിഴ്‌നാട്ടില്‍ രാജവംശ മാതൃകസ്വീകരിക്കുമ്പോള്‍ മോദിയുടെ വികസന മാതൃകയാണ് ബിജെപിയുടെത്. പാര്‍ട്ടിക്ക് സ്വാധീനം കുറവുള്ള മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ചതിനാല്‍ വോട്ട് വിഹിതം വര്‍ദ്ധിച്ചതായും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്ക് ഏറ്റവും കുറവ് സാന്നിധ്യമുള്ള കടലൂര്‍, മധുര, വെല്ലൂര്‍ എന്നിവിടങ്ങളില്‍ ബിജെപിയുടെ വോട്ട് വിഹിതം ഇരട്ടിയായി. ഈ തെരഞ്ഞെടുപ്പ് ഒരു പരീക്ഷണമായിരുന്നു. ബൂത്ത് കമ്മറ്റി ഇല്ലാതിടത്തുപോലും വോട്ടുവിഹിതം വര്‍ധിച്ചു. ബൂത്തുകമ്മറ്റികള്‍ ശക്തമാക്കി വരുംനാളുകളില്‍ അടിസ്ഥാനമേഖലയില്‍ അടിത്തറ ഉറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















Comments