ന്യൂഡൽഹി : റഷ്യ യുക്രെയ്നെതിരെ നടത്തിയ ആക്രമണം ഓഹരി മൂല്യത്തെയും പ്രതികൂലമായാണ് ബാധിച്ചത് . യുദ്ധം ആരംഭിച്ച് 4-5 മണിക്കൂറിനുള്ളിൽ, ലോകത്തിലെ ഏറ്റവും വലിയ 20 സമ്പന്നരുടെ സമ്പത്തിൽ 3.11 ലക്ഷം കോടിയിലേറെ രൂപയുടെ ഇടിവുണ്ടായി .
ഇന്ത്യയിൽ മുകേഷ് അംബാനി, ഗൗതം അദാനി, ഉദയ് കൊട്ടക്, ദിലീപ് സാംഘ്വി എന്നിവരുൾപ്പെടെയുള്ള പ്രമുഖരായ 10 വ്യവസായികൾക്കും 60,000 കോടിയിലധികം നഷ്ടമുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ടെസ്‌ലയുടെ ഇലോൺ മസ്‌കിന്റെ ആസ്തിയിൽ ഒരു ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ഫോർബ്സിന്റെ തൽസമയ ഡാറ്റ അനുസരിച്ച്, സമ്പന്നരായ വ്യവസായികളുടെ കമ്പനികളുടെ ഓഹരിമൂല്യം ഗണ്യമായി ഇടിഞ്ഞു.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ഏഷ്യയിലെ ഏറ്റവും വലിയ ധനികനുമായ മുകേഷ് അംബാനിയുടെ ആസ്തിയിൽ യുദ്ധത്തെ തുടർന്ന് 21,000 കോടി രൂപയുടെ കുറവുണ്ടായി. അതുപോലെ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് 9,700 കോടി രൂപയും എച്ച്‌സിഎൽ ടെക്‌നോളജിയുടെ ശിവ് നാടാറിന് 5,300 കോടി രൂപയും രാധാകിഷൻ ദമാനി, ദിലീപ് സാംഘ്‌വി, കുമാർ ബിർള തുടങ്ങിയ വൻകിട വ്യവസായികൾക്ക് ആയിരക്കണക്കിന് കോടിയുടെയും നഷ്ടമുണ്ടായി.
ഫേസ്ബുക്കിന്റെ മാർക്ക് സക്കർബർഗ്, മൈക്രോസോഫ്റ്റിന്റെ ബിൽ ഗേറ്റ്സ്, പ്രശസ്ത നിക്ഷേപകൻ വാറൻ ബഫറ്റ് എന്നിവരുടെ സമ്പത്തിലും ഇടിവുണ്ടായി. യുദ്ധവാർത്ത വന്നയുടൻ യു.എസ്.എ, യു.കെ, ജപ്പാൻ, ഇന്ത്യ, ചൈന തുടങ്ങി ഒട്ടുമിക്ക വൻ രാജ്യങ്ങളിലെയും ഓഹരി വിപണികൾ ഇടിഞ്ഞു.
Comments