ലണ്ടൻ: യുക്രെയ്‌നും റഷ്യയും തമ്മിലുള്ള യുദ്ധം കൂടുതൽ ശക്തമായതോടെ നിർണായക നീക്കവുമായി ബ്രിട്ടൻ.തുടർച്ചയായി യുക്രെയ്‌നുമേൽ റഷ്യ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ശക്തമായ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ് ബ്രിട്ടൻ.
റഷ്യയിലേക്കുള്ള കയറ്റുമതി നിരോധിക്കുമെന്ന് ബ്രിട്ടൻ അറിയിച്ചു. ബ്രിട്ടനിലെ റഷ്യൻ പൗരൻമാരുടെ ആസ്തികൾ താൽക്കാലികമായി മരവിപ്പിച്ച് റഷ്യയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ബ്രിട്ടൻ.റഷ്യൻ പൗരൻമാർ ബ്രിട്ടനിലെ ബാങ്കുകളിൽ കൈവശം വച്ചിരിക്കുന്ന പണത്തിന്റെ അളവിലും കുറവ് വരുത്തുമെന്നാണ് റിപ്പോർട്ട്.
ഉപരോധത്തിന്റെ ഭാഗമായി റഷ്യൻ വിമാനകമ്പനിയായ എയ്‌റോഫ്‌ളോട്ടിന് യുകെയിൽ ഇറങ്ങുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടനിൽ പ്രവർത്തിയ്‌ക്കുന്ന നൂറിലധികം റഷ്യൻ കമ്പനികൾക്ക് മേലും ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സാമ്രാജ്യത്വ അധിനിവേശത്തിൽ വിശ്വസിക്കുന്ന രക്തം പുരണ്ട സ്വേച്ഛാധിപതിയാണ് വ്‌ളാഡിമിർ പുടിനെന്ന് ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആരോപിച്ചു. പുടിന് എന്ത് ചെയ്താലും കൈകളിൽ പറ്റിയ യുക്രെയ്‌ന്റെ രക്തം കഴുകി കളയാൻ പറ്റില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വരും ദിവസങ്ങളിൽ കൂടുതൽ സാമ്പത്തിക ഉപരോധങ്ങൾ ബ്രിട്ടൻ റഷ്യയ്‌ക്കുമേൽ ഏർപ്പെടുത്തുമെന്നാണ് വിവരം.റഷ്യയുടെ സമ്പദ് വ്യവസ്ഥയെ തകർക്കാനും യുക്രെയ്‌നുമേലുള്ള സൈനിക നടപടികൾ നിർത്തിവെയ്‌ക്കാൻ റഷ്യയ്‌ക്ക് മേൽ സമ്മർദ്ദം ചെലുത്താനുമാണ് ബ്രിട്ടൻ .സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതെന്നാണ് വിലയിരുത്തൽ.
Comments