വാഷിംഗ്ടൺ: രാഷ്ട്രീയ-സൈനിക പ്രതിസന്ധികൾക്കിടയിലായ യുക്രെയ്നിന് അടിയന്തിര സാമ്പത്തിക സഹായം നൽകാൻ തയ്യാറാണെന്ന് ലോകബാങ്ക്. ദ്രുതഗതിയിലുള്ള ധനസഹായം നൽകുന്നതിന് ലോകബാങ്ക് തയ്യാറാണ്. അത്തരം പിന്തുണകൾ ഉറപ്പുവരുത്തുന്നതിനായുള്ള മാർഗങ്ങൾ തേടുകയാണ്. ഫാസ്റ്റ്-ഡിസ്ബേഴ്സിങ് ഫിനാൻസിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇതിനായി തിരഞ്ഞെടുക്കും. ദ്രുതഗതിയിലുള്ള നടപടിക്ക് ആവശ്യമായ എല്ലാ സാമ്പത്തിക-സാങ്കേതിക സേവനങ്ങളും ഉപയോഗിക്കുമെന്നും ലോകബാങ്ക് വ്യക്തമാക്കി.
ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. യുക്രെയ്നിൽ അരങ്ങേറുന്ന സംഭവ വികാസങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. സാധാരണക്കാർ ഉൾപ്പെടെയുള്ളവരുടെ ജീവഹാനിയാണ് രാജ്യം നേരിടുന്നത്. ദീർഘകാലമായി യുക്രെയ്നിന്റെ പങ്കാളിയാണ് ലോകബാങ്ക്. പ്രതിസന്ധി ഘട്ടത്തിൽ യുക്രെയ്ൻ ജനതയോടും രാജ്യത്തിനോടുമൊപ്പമാണ് ലോകബാങ്കെന്നും പ്രസിഡന്റ് വ്യക്തമാക്കി.
യുക്രെനിൽ നടക്കുന്ന വിനാശകരമായ സംഭവങ്ങൾ സാമ്പത്തികവും സാമൂഹികവുമായ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. നിലവിലുണ്ടാകുന്ന നഷ്ടങ്ങൾ ഐഎംഎഫുമായി ചർച്ചചെയ്ത് വിലയിരുത്തുമെന്നും ലോകബാങ്ക് അറിയിച്ചു. യുദ്ധത്തിന്റെ അനന്തരഫലങ്ങൾ ബാധിച്ചേക്കാവുന്ന യുക്രെയ്നിന്റെ അയൽരാജ്യങ്ങളെയും അവിടുത്തെ ആളുകളെയും ലോകബാങ്ക് പിന്തുണയ്ക്കും. ഇതിനായുള്ള സംഭാഷണങ്ങൾ സജീവമാണെന്നും ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് പ്രസ്താവനയിലൂടെ അറിയിച്ചു.
Comments