യുക്രെയ്‌നിൽ യുദ്ധം തുടങ്ങിയതിന് പിന്നാലെ റഷ്യ പിടിച്ചെടുത്ത തന്ത്രപ്രധാന സ്ഥലങ്ങളിലൊന്നാണ് ചെർണോബിൽ. ഇന്നലെയാണ് ചെർണോബിൽ റഷ്യ പിടിച്ചെടുത്തത്. ലോകത്തിലെ ഏറ്റവും വലിയ ആണവ ദുരന്തത്തിന്റെ സ്മരണകൾ പേറുന്ന സ്ഥലമാണ് ചെർണോബിൽ. റഷ്യൻ തലസ്ഥാനമായ കീവിൽ 108 കിലോമീറ്റർ ദൂരം മാത്രമാണ് ചെർണോബിലിലേക്ക് ഉള്ളത്. ഈ ആണവനിലയത്തിലെ നാലാമത്തെ റിയാക്ടറാണ് 1986ൽ ലോകത്തെയാകെ ഞെട്ടിച്ചു കൊണ്ട് പൊട്ടിത്തെറിച്ചത്. സ്‌ട്രോൻഷ്യം, സീസിയം, പ്ലൂട്ടോണിയം തുടങ്ങിയവയുടെ വികിരണം യുക്രെയ്ൻ, ബലാറസ്, റഷ്യയുടെ കിഴക്കൻ ഭാഗങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്. ഇപ്പോൾ ജനവാസമില്ലാത്ത മേഖലയാണത്.
36 വർഷങ്ങൾക്ക് മുൻപാണ് ഈ ആണവദുരന്തം സംഭവിച്ചതെങ്കിലും അപകടകരമായ വിഷവസ്തുക്കൾ ഇന്നും ഇവിടെ ഉണ്ടെന്നാണ് പറയുന്നത്. നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ നിന്നുയർന്ന ആണവ അവശിഷ്ടങ്ങളും വികിരണങ്ങളും വരുന്ന തലമുറകളുടെ ആരോഗ്യത്തെ കൂടിയാണ് ബാധിച്ചത്. അതുകൊണ്ട് തന്നെ ഇപ്പോഴും ഇവിടേക്ക് സാധാരണക്കാരായ ജനങ്ങൾക്ക് പ്രവേശനം ഇല്ല. നിയോഗിക്കപ്പെട്ട സുരക്ഷാ ജീവനക്കാർക്ക് മാത്രമേ ഇൗ നിരോധിത മേഖലയിൽ അനുമതി ഉണ്ടായിരുന്നുള്ളു. നൂറ് ടണ്ണോളം ഭാരമുള്ള ആണവ അവശിഷ്ടങ്ങൾ റിയാക്ടർ നിലനിന്നിരുന്ന മേഖലയിൽ ഇപ്പോഴും ഉണ്ടെന്നാണ് റിപ്പോർട്ട്.
ആണവവികിരണശേഷിയുള്ള വസ്തുക്കൾ പുറത്തെത്തുന്നത് തടയാനായി സുരക്ഷിതമായ ഒരു ബന്തവസ് ഘടന ചെർണോബിലിൽ ഒരുക്കിയിരുന്നു. 170 കോടി ചെലവിൽ 2017ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്. ഘട്ടം ഘട്ടമായി ആണവ മാലിന്യങ്ങൾ നീക്കം ചെയ്യുക, വികിരണഭീഷണി ഒഴിവാക്കുക ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. അതീവ സുരക്ഷാ മേഖല ആയത് കൊണ്ടുതന്നെ റഷ്യൻ സേന ഇവിടെ ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾ നടത്തുമോ എന്നാണ് പലരും ആശങ്കയോടെ ഉറ്റു നോക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധ ഉണ്ടായാൽ ആണവമാലിന്യം പുറന്തള്ളുന്നതിന് ഇടയാക്കും. ലോകത്തിനാകെ ഭീഷണി ഉയർത്തുന്ന കാര്യമാണത്.
എന്നാൽ വലിയ ആശങ്കയ്‌ക്ക് ഇടയില്ലെന്നാണ് വിദഗ്ധർ സൂചന നൽകുന്നത്. റഷ്യൻ സേന റിയാക്ടർ നിൽക്കുന്നിടത്ത് വലിയ ആക്രമണങ്ങൾ നടത്താൻ സാധ്യത കുറവാണ്. റഷ്യൻ സൈന്യത്തിന് കീവ് കീഴടക്കുക എന്ന ലക്ഷ്യത്തിലാണ് ചെർണോബിൽ പിടിച്ചെടുത്തത് എന്നും ഇവർ പറയുന്നു. ചെർണോബിൽ വഴി കീവ് കീഴടക്കുക എന്നത് റഷ്യയെ സംബന്ധിച്ച് അൽപ്പം കൂടി എളുപ്പമാണ്. ഇതിനപ്പുറം ഒരു പ്രാധാന്യം റഷ്യ ചെർണോബിലിന് നൽകുന്നില്ലെന്നാണ് വിവരം.
















Comments