കീവ്: അധിനിവേശത്തെ പ്രതിരോധിക്കുന്ന യുക്രെയ്ൻ സൈന്യത്തിന്റെ നട്ടെല്ല് തകർത്താണ് കീവിലെ റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റം. യുദ്ധം തുടങ്ങി മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ യുക്രെയ്ൻ സൈന്യത്തിന് ഉണ്ടായ നാശം വളരെ വലുതാണ്. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട റഷ്യൻ സൈന്യം ആദ്യം പിടിച്ചെടുത്തതും നശിപ്പിച്ചതും യുക്രെയ്‌നിന്റെ സൈനിക ആയുധങ്ങളും വാഹനങ്ങളുമാണ്.
67 യുക്രെയ്ൻ ടാങ്കുകളും ആക്രമണത്തിൽ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം വക്താവ് ഇഗോർ കൊനഷെൻങ്കോവ് പറഞ്ഞു. ആറ് യുദ്ധവിമാനങ്ങളും ഒരു ഹെലികോപ്ടറും അഞ്ച് ആളില്ലാ വിമാനങ്ങളും വെടിവെച്ചിട്ടു. 16 മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചറുകളും 87 സ്‌പെഷൽ മിലിട്ടറി ഓട്ടോമോട്ടീവ് വാഹനങ്ങളും തകർത്തു.
സെപ്ഷൽ ഓപ്പറേഷനുകളിലൂടെ യുഎസും യുകെയും ഉൾപ്പെടെയുളള പാശ്ചാത്യ രാജ്യങ്ങൾ യുക്രെയ്‌ന് നൽകിയ ആയുധങ്ങളും പിടിച്ചെടുത്തതായി ഇഗോർ കൊനഷെൻങ്കോവ് അവകാശപ്പെട്ടു. അടുത്ത മാസങ്ങളിൽ കൈമാറിയ ആയുധങ്ങളാണ് ഇവയെന്നും കൊനഷെൻങ്കോവ് വെളിപ്പെടുത്തി.
വൻ ആയുധ സന്നാഹങ്ങളോടാണ് യുക്രെയ്‌നെ നേരിടാൻ റഷ്യ ഇറങ്ങിയത്. യുക്രെയ്‌നിലേക്ക് നിയോഗിക്കപ്പെട്ട റഷ്യൻ ഹെലികോപ്ടറുകളുടെ മാത്രം കണക്കെടുത്താൽ 200 ലധികം വരും. തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുളള അവസാന പോരാട്ടത്തിലാണ് റഷ്യൻ സൈന്യം.
Comments