കീവ്: യുക്രെയ്‌നിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈന്യത്തിലേക്ക് അണിചേരണമെന്ന റഷ്യയുടെ ആവശ്യം തള്ളി കസാഖിസ്ഥാൻ. റഷ്യയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ ഒന്നായ കസാഖിസ്ഥാൻ റഷ്യ മുന്നോട്ടുവെച്ച ആവശ്യം നിരസിച്ചുവെന്നാണ് റിപ്പോർട്ട്. റഷ്യയുടെ തെക്കൻ അയൽരാജ്യമാണ് കസാഖിസ്ഥാൻ.
ഇതിനിടെ യുക്രെയ്‌നിൽ നടക്കുന്ന റഷ്യയുടെ അധിനിവേശത്തിൽ പ്രതികരണവുമായി അഫ്ഗാനിസ്ഥാൻ ഭരണകൂടമായ താലിബാൻ രംഗത്തെത്തി. റഷ്യയും യുക്രെയ്‌നും സംയമനം പാലിക്കണമെന്നാണ് താലിബാന്റെ പ്രതികരണം. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. യുക്രെയ്‌നിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും സാധാരണക്കാർക്ക് ജീവഹാനി സംഭവിക്കാനുള്ള സാധ്യതയിൽ ആശങ്കയുണ്ടെന്നും താലിബാൻ വ്യക്തമാക്കി.
അതേസമയം യുക്രെയ്ൻ തലസ്ഥാനമായ കീവിൽ സ്‌ഫോടന പരമ്പരകൾ തുടരുകയാണ്. കീവിന് 40 കിലോമീറ്റർ അകലെയുള്ള വാസിൽകിവിലും കനത്ത സംഘർഷമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇവിടെ യുക്രെയ്ൻ പോലീസിന്റെ വേഷം ധരിച്ചെത്തിയ റഷ്യൻ പട്ടാളക്കാർ യുക്രെയ്ൻ സൈനികരെ വെടിവെച്ച് കൊന്നതായാണ് വിവരം.
Comments