ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നും മലയാളികൾ ഉൾപ്പെട്ട ആദ്യസംഘം ഇന്ന് വൈകിട്ട് നാല് മണിയോടെ മുംബൈയിലെത്തും. റൊമേനിയയിൽ നിന്നുമാണ് സംഘം യാത്ര തിരിക്കുന്നത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ ഈ സംഘത്തെ സ്വീകരിക്കും. എയർ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളിലാണ് ഇവരെ നാട്ടിലെത്തിക്കുക.
മുംബൈയ്‌ക്ക് പുറമെ ഡൽഹിയിലേക്കും വിമാനങ്ങൾ എത്തും. 470 പേരാണ് ആദ്യ സംഘത്തിലുള്ളത്. ഇതിൽ 17 പേർ മലയാളികളാണ്. വിദ്യാർത്ഥികൾ അടക്കമുള്ള പൗരന്മാരെ തിരികെ എത്തിക്കാനുള്ള നടപടികൾ ഊർജ്ജിതമായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
രക്ഷാദൗത്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ സുരക്ഷാകാര്യങ്ങൾക്കായുള്ള സമിതി യോഗം ചേരുന്നുണ്ട്. യുദ്ധത്തിന്റെയും ഉപരോധത്തിന്റെയും സാഹചര്യത്തിൽ റഷ്യയുമായും യുക്രെയ്‌നുമായുള്ള ഇന്ത്യയുടെ വാണിജ്യ സാഹചര്യം അവലോകനം ചെയ്യാൻ ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്.
Comments