കീവ്: യുദ്ധത്തിൽ 3,500 റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ സൈന്യം. 200 പേരെ യുദ്ധ തടവുകാരാക്കിയെന്നും യുക്രെയ്ൻ അവകാശപ്പെട്ടു. എന്നാൽ യുക്രെയ്‌ന്റെ അവകാശവാദങ്ങൾ സ്ഥിരീകരിക്കാൻ റഷ്യ ഇതുവരെ തയ്യാറായിട്ടില്ല.
റഷ്യൻ സൈനികരിൽ ആകെ എത്ര പേർക്ക് പരിക്ക് പറ്റിയെന്ന വിവരവും അപ്രാപ്യമാണ്. അതേസമയം റഷ്യയുടെ ആക്രമണത്തിൽ 25 സാധാരണക്കാർ കൊല്ലപ്പെട്ടതായും 102 പേർക്ക് പരിക്കേറ്റതായും യുഎൻ അറിയിച്ചു.
80 ടാങ്കുകൾ, 516 കവചിത യുദ്ധ വാഹനങ്ങൾ, ഏഴ് ഹെലികോപ്റ്ററുകൾ, 10 വിമാനങ്ങൾ, 20 ക്രൂയിസ് മിസൈലുകൾ എന്നിവ നശിപ്പിച്ചതായും യുക്രെയ്ൻ അവകാശപ്പെടുന്നുണ്ട്. അതേസമയം, യുക്രെയ്‌നിലെ 211 സൈനിക കേന്ദ്രങ്ങൾ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
തലസ്ഥാന നഗരമായ കീവിൽ സ്ഥതിചെയ്യുന്ന പ്രധാന സൈനിക കേന്ദ്രത്തിന് നേരെ റഷ്യ ആക്രമണം നടത്താൻ ശ്രമിച്ചതായും അതിനെ ശക്തമായി ചെറുത്ത് തോൽപ്പിച്ചതായും യുക്രെയ്ൻ വെളിപ്പെടുത്തി. യുക്രെയ്ൻ സൈന്യം ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Comments