പാശ്ചാത്യരാജ്യങ്ങളുടെ സഹായം യുക്രെയ്‌ന് ലഭിക്കാൻ തുടങ്ങിയതോടെ യുദ്ധാന്തരീക്ഷം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. സാമ്പത്തികമായി സഹായിച്ചും ആയുധങ്ങൾ നൽകിയും യുക്രെയ്‌നെ പിന്തുണയ്‌ക്കാൻ അമേരിക്കയും ഫ്രാൻസും രംഗത്തെത്തിയതിന് പിന്നാലെയാണ് യുദ്ധത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾ മാറിമറയുന്നത്.
യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കി ഒടുവിൽ പങ്കുവെച്ച വിവരങ്ങൾ പ്രകാരം യുക്രെയ്‌ന് ആയുധങ്ങൾ എത്തിച്ച് കൊണ്ടിരിക്കുകയാണ് ഫ്രാൻസ്. ഇതിന് പിന്നാലെ ലോകം ദൈർഘ്യമേറിയ യുദ്ധത്തിന് കാത്തിരിക്കണമെന്ന മുന്നറിയിപ്പാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നൽകിയത്. ഫ്രാൻസിലെ ആനുവൽ അഗ്രികൾച്ചർ ഫെയറിനിടെയാണ് മാക്രോൺ ഇക്കാര്യം വ്യക്തമാക്കിയത്.
ഈ പ്രതിസന്ധി തുടരും, ഈ യുദ്ധവും തുടരും. ഇതിനോടൊപ്പം വരുന്ന മറ്റ് പ്രതിസന്ധികളുടെ പ്രത്യാഘാതങ്ങൾ ശാശ്വതമായി നിലനിൽക്കുകയും ചെയ്യും. നാം തയ്യാറെടുത്തിരിക്കണം. യൂറോപ്പിലേക്ക് യുദ്ധം മടങ്ങിയെത്തിയിരിക്കുകയാണ്. പ്രസിഡന്റ് പുടിന്റെ ഏകപക്ഷീയമായ തീരുമാനത്തിന്റെ ഫലമായിട്ടാണിത് സംഭവിച്ചതെന്നും ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.
കീവ് കീഴടക്കുന്നതോടെ പ്രസിഡന്റ് സെലൻസ്‌കി അടിയറവ് പറയുമെന്ന വിലയിരുത്തലിലാണ് ലോകരാജ്യങ്ങൾ പലരും മുന്നോട്ട് പോയിരുന്നത്. എന്നാൽ ഫ്രാൻസിന്റെ യുദ്ധസഹായവും മാക്രോണിന്റെ പ്രതികരണവും യുദ്ധാന്ത്യക്കുറിച്ചുള്ള വിലയിരുത്തലുകൾ മാറ്റിമറിക്കുകയാണ്.
Comments