കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവ് കൈവിട്ടുപോയിട്ടില്ലെന്ന് പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. കീവ് പിടിച്ചെടുക്കുമെന്നത് റഷ്യയുടെ വ്യാമോഹമാണെന്നും റഷ്യൻ സൈന്യത്തിന്റെ പദ്ധതികളെല്ലാം യുക്രെയ്ൻ സൈന്യം തകർത്തുവെന്നും സെലൻസ്‌കി പറഞ്ഞു. കീവും സമീപ നഗരങ്ങളും ഇപ്പോഴും യുക്രെയ്‌ന്റെ നിയന്ത്രണത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പൗരന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് പുറത്തിറക്കിയ പുതിയ വീഡിയോ സന്ദേശത്തിലാണ് സെലൻസ്‌കിയുടെ വെളിപ്പെടുത്തൽ.
‘കീവ് പിടിച്ചടക്കാനുള്ള റഷ്യൻ സൈന്യത്തിന്റെ ശ്രമങ്ങൾ യുക്രെയ്ൻ സേന തകർത്തെറിഞ്ഞു. രാജ്യത്തിന്റെ തലസ്ഥാനം ഇപ്പോഴും യുക്രെയ്ൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. വ്യാജ പ്രചരണങ്ങൾ നടത്തുന്ന ആളുകളെ വിശ്വസിക്കരുത്. അവർ രാജ്യത്തെയും മറ്റുള്ളവരെയും കബളിപ്പിക്കുകയാണ്’ സെലൻസ്‌കി പറഞ്ഞു.
റഷ്യൻ സേനയ്‌ക്ക് മുന്നിൽ കീഴടങ്ങില്ലെന്നും, ജനങ്ങൾക്ക് ആയുധം കൈമാറുമെന്നും സെലൻസ്‌കി അറിയിച്ചു. യുക്രെയ്‌നിൽ ആക്രമണം രൂക്ഷമായതിന് പിന്നാലെ രാജ്യം വിട്ടുവെന്ന പ്രചാരണം തള്ളി സെലൻസ്‌കി ഇന്നലേയും രംഗത്തെത്തിയിരുന്നു. സെലൻസ്‌കി ഇപ്പോഴും കീവിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.
Comments