യുക്രെയ്‌നിനെ പിടിച്ചടക്കാൻ റഷ്യ നടക്കുന്ന അതിക്രൂരമായ ആക്രമണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. യുക്രെയ്‌നിലെ സ്ഥിതിഗതികൾ ഭയാനകമാണെന്നും നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുമോ എന്ന ഭയം വർദ്ധിച്ചുവരികയാണെന്നും പ്രിയങ്ക ചോപ്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇതോടൊപ്പം ജനങ്ങളെ എങ്ങനെ സഹായിക്കാം എന്നതിനെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടങ്ങിയ ലിങ്കും താരം പങ്കുവെച്ചു.
‘യുക്രെയ്‌നിലെ സ്ഥിതിഗതികൾ ഭയാനകമാണ്. തങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ജീവൻ നഷ്ടപ്പെടുമോ എന്ന് ഭയന്നാണ് നിരപരാധികൾ ജീവിക്കുന്നത്. ആധുനിക ലോകത്ത് എങ്ങനെയാണ് ഇത്തരത്തിൽ വിനാശകാരിയായ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് എന്ന് മനസിലാക്കുക പ്രയാസമാണ്. ഈ യുദ്ധഭൂമിയിൽ ജീവിക്കുന്നത് നിരപരാധികളാണ്. അവരും നിങ്ങളെയും എന്നെയും പോലെയാണ്. യുക്രെയ്‌നിലെ ജനങ്ങളെ എങ്ങനെ സഹായിക്കാം എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്റെ ബയോയിലെ ലിങ്കിൽ ഉണ്ട്’ പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഹൃദയഭേദകമായ ഒരു വീഡിയോയും താരം ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
റഷ്യ ആരംഭിച്ച സൈനിക ആക്രമണത്തെ തുടർന്ന് യുക്രെയ്‌നിൽ ഉടലെടുത്ത പ്രതിസന്ധികൾക്കെതിരെ ശക്തമായി പ്രതികരിച്ച് മറ്റ് താരങ്ങളും, നേതാക്കളും രംഗത്തെത്തിയരുന്നു. റഷ്യയുടെ അധിനിവേശം ഭയാനകം എന്നാണ് ഏവരും വിശേഷിപ്പിക്കുന്നത്.
Comments