ന്യൂഡൽഹി: റഷ്യയും യുക്രെയ്‌നും തമ്മിൽ തുടരുന്ന യുദ്ധത്തിൽ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ യുക്രെയ്നിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ഇവിടെയുള്ള വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേരും എത്രയും പെട്ടന്ന് തന്നെ യുക്രെയ്ൻ വിടാനുള്ള ശ്രമത്തിലാണ്. എന്നാൽ യുക്രെയ്ൻ ജനതയുടെ പോരാട്ടത്തിന് പിന്തുണയുമായി അവിടെ തുടരാൻ തീരുമാനിച്ചിരിക്കുകയാണ് 17കാരിയായ ഹരിയാന സ്വദേശി.
17കാരിയായ നേഹ യുക്രെയ്‌നിൽ പേയിംഗ് ഗസ്റ്റായി ആണ് താമസിക്കുന്നത്. ഈ വീട്ടിലെ ഗൃഹനാഥൻ റഷ്യൻ സൈന്യത്തെ കീഴപ്പെടുത്താനായി യുക്രെയ്ൻ സൈന്യത്തിൽ ചേർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തെ ഒറ്റയ്‌ക്കാക്കി രക്ഷപെടാൻ സാധിക്കില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യയ്‌ക്കും മൂന്ന് മക്കൾക്കും ഒപ്പം താനും ഉണ്ടാകണമെന്നും നേഹ പറയുന്നു. സൈനികന്റെ മകളാണ് നേഹ. രണ്ട് മൂന്ന് വർഷം മുൻപ് അദ്ദേഹം മരണപ്പെടുകയായിരുന്നു.
ബങ്കറിലാണ് നേഹ നിലവിൽ താമസിക്കുന്നത്. പുറത്ത് സ്‌ഫോടനത്തിന്റെ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്നും ഭയമില്ലെന്നും നേഹ പറഞ്ഞു. നേഹയ്‌ക്ക് റൊമേനിയയിലേക്ക് പോകാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ കുട്ടികൾക്ക് വേണ്ടി നേഹ അവിടെ തന്നെ തുടുരുകയായിരുന്നു. നേഹയുടെ സുഹൃത്ത് സവിതയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. സ്വന്തം ജീവനെക്കാൾ ആ മൂന്ന് കുട്ടികളുടേയും അമ്മയുടേയും ജീവനാണ് നേഹ മുൻകരുതൽ നൽകുന്നതെന്ന് സവിത കുറിച്ചു.
റൊമേനിയയിൽ നിന്നും എഴുന്നൂറിൽ അധികം വിദ്യാർത്ഥികളെ ഇതുവരെ രാജ്യം ഒഴിപ്പിച്ചിട്ടുണ്ട്. ഏകജേശം 18,000ത്തോളം വിദ്യാർത്ഥികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. യുക്രൈൻ വ്യോമാതിർത്തി അടച്ചതോടെ ബുക്കാറെസ്റ്റ്, ബുഡപെസ്റ്റ് എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ പുറപ്പെടുന്നത്. യുക്രൈൻ-റൊമാനിയ അതിർത്തിയിലും യുക്രൈൻ-ഹംഗറി അതിർത്തിയിലും എത്തുന്ന പൗരന്മാരെ സർക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ റോഡ് മാർഗ്ഗം അതിർത്തിയിലേക്ക് എത്തിച്ച ശേഷം എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിക്കുകയാണ് ചെയ്യുന്നത്.
Comments