ന്യൂഡൽഹി: റഷ്യൻ അധിനിവേശം നടക്കുന്ന യുക്രെയ്‌നിൽ നിന്നും ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുളള നാലാമത്തെ വിമാനവും ഇന്ത്യയിലേക്ക് തിരിച്ചു. 198 പേരാണ് നാലാമത്തെ വിമാനത്തിൽ മടങ്ങിയെത്തുകയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ ട്വിറ്ററിൽ അറിയിച്ചു.
ബുക്കാറസ്റ്റിൽ നിന്നാണ് നാലാമത്തെ വിമാനം പറന്നുയർന്നത്. ഇതോടെ ഇതുവരെ യുക്രെയ്‌നിൽ നിന്നും ഭാരതം നാട്ടിലെത്തിച്ച പൗരൻമാരുടെ എണ്ണം 907 ആകും. മൂന്ന് വിമാനങ്ങൾ കൂടി റൊമാനിയയിലേക്ക് തിരിച്ചിട്ടുണ്ട്. ഇതിൽ മടങ്ങുന്നവരെക്കൂടി കണക്കിലെടുത്താൽ രണ്ട് ദിവസങ്ങൾക്കുള്ളിൽ ആയിരത്തി അഞ്ഞൂറോളം പേരെ തിരിച്ചെത്തിക്കാനാകുമെന്നാണ് വിലയിരുത്തൽ. ബലാറസ്, മോൾഡോവ് രാജ്യങ്ങൾ വഴിയുളള ഒഴിപ്പിക്കൽ സാദ്ധ്യതകളും കേന്ദ്രസർക്കാർ പരിശോധിക്കുന്നുണ്ട്.
ലോകരാജ്യങ്ങൾ പോലും മാറി നിന്നപ്പോൾ യുദ്ധത്തിലേർപ്പെട്ടിരുന്ന രാജ്യങ്ങളെ നയതന്ത്ര പരമായി സമീപിച്ച് ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ച കേന്ദ്രസർക്കാരിനെ നയതന്ത്ര മേഖലയിലുളളവർ മുക്തകണ്ഠം അഭിനന്ദിക്കുകയാണ്. എന്നാൽ ഈ നേട്ടത്തെ ഇല്ലാതാക്കാനും വിലകുറച്ചുകാണിക്കാനുമുളള ഒരു സംഘം മാദ്ധ്യമങ്ങളുടെ നീക്കവും സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായിക്കഴിഞ്ഞു.
പോളണ്ടിന്റെയും മറ്റും അതിർത്തി മേഖലകളിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ പെരുപ്പിച്ചു കാട്ടി പ്രചരിപ്പിച്ചാണ് മലയാള മാദ്ധ്യമങ്ങൾ ഇന്ത്യയുടെ ഇടപെടലിനെ വിലകുറച്ച് കാണിക്കാനുളള നീക്കങ്ങൾ നടത്തുന്നത്. തിരിച്ചുവരവിന് ഊഴം കാത്തിരിക്കുന്നവർക്ക് ആത്മവിശ്വാസം നൽകുന്നതിന് പകരം ഈ വാർത്തകൾക്ക് പ്രാധാന്യം നൽകി ആശങ്ക സൃഷ്ടിക്കുകയാണ് ഇത്തരം മാദ്ധ്യമങ്ങൾ ചെയ്യുന്നതെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്നവർക്ക് സർക്കാർ നടപടികളിൽ വിശ്വാസം നഷ്ടപ്പെടുത്താൻ മാത്രമേ ഇത്തരം വാർത്തകൾ സഹായിക്കൂവെന്നും വിമർശനം ഉയരുന്നു.
ഇന്ത്യ മാത്രമാണ് യുക്രെയ്‌നിൽ നിന്നും ഇത്ര സജീവമായി ഒഴിപ്പിക്കൽ ദൗത്യം നടത്തുന്നത്. മറ്റ് രാജ്യങ്ങൾ അധികവും നേരിട്ട് ദൗത്യം നടത്തുന്നില്ല. വോളന്റിയർ ഗ്രൂപ്പുകളുടെയും മറ്റും സഹായത്തോടെയാണ് ഇത് നിർവ്വഹിക്കുന്നത്. ആദ്യ ദിനം പോളണ്ട് അതിർത്തിയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രശ്‌നങ്ങൾ നേരിട്ടപ്പോൾ തന്നെ കൂടുതൽ ഉദ്യോഗസ്ഥരെ ഇവിടേക്ക് നിയോഗിച്ചിരുന്നു. മുൻകൂട്ടി അറിയിക്കാതെയും നിർദ്ദേശം ലഭിക്കാതെയും അതിർത്തിയിലേക്ക് എത്തരുതെന്നും സർക്കാരും എംബസിയും വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ ആവർത്തിച്ച് അറിയിപ്പുകൾ നൽകുകയും ചെയ്തിരുന്നു.
















Comments