ബംഗളൂരു : ഹിജാബ് ധരിക്കുന്നതിൽ നിന്നും മുസ്ലീം വിദ്യാർത്ഥികളെ തടയരുതെന്ന് ഇസ്ലാമിക സംഘടനയായ ജാമിയത്ത് ഉൽമ – ഇ- ഹിന്ദ്. ഇസ്ലാം മതത്തിൽ ഹിജാബ് നിർബന്ധമാണെന്ന് ജാമിയത്ത് ഉൽമ – ഇ- ഹിന്ദ് അദ്ധ്യക്ഷൻ മൗലാനാ അർഷാദ് മഅദനി പറഞ്ഞു. സംഘടനയുടെ വർക്കിംഗ് കമ്മറ്റി യോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു അർഷാദ് മഅദനി നിലപാട് വ്യക്തമാക്കിയത്.
ഹിജാബുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആദ്യം ആരംഭിച്ചത് കർണാടകയിൽ ആയിരുന്നു. പിന്നീട് അത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു. വിദ്യാസമ്പന്നരെന്ന് നടിക്കുന്ന ചിലർ ഹിജാബുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പടർത്തുന്നു. ഇസ്ലാമിൽ ഹിജാബ് നിർബന്ധമല്ലെന്നാണ് ഇക്കൂട്ടരുടെ വാദം. ഖുർആനിൽ ഇതുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഇല്ലെന്നും ഇക്കൂട്ടർ പറയുന്നു. ഖുർആനിൽ ഹിജാബിനെക്കുറിച്ച് കൃത്യമായി പരാമർശിച്ചിട്ടുണ്ട്. ശരിയ നിയമത്തിൽ ഹിജാബ് നിർബന്ധമാണെന്നും അർഷാദ് മഅദനി വ്യക്തമാക്കി.
ഹിജാബ് ധരിച്ച് സ്‌കൂളിലേക്ക് വരുന്ന വിദ്യാർത്ഥികളെ തടയരുത്. ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം മുസ്ലീം വിദ്യാർത്ഥികൾക്ക് മതപരമായ വസ്ത്രങ്ങൾ ധരിച്ച് സ്‌കൂളുകളിൽ പോകാം. ഇതിന് അനുവാദം നൽകാതിരിക്കുന്നത് ഭരണഘടനാ ലംഘനം ആണ്. ഇന്ത്യ ഒരു മതരാഷ്‌ട്രം അല്ല. എല്ലാവർക്കും അവരവരുടേത് ആയ മതങ്ങൾ പിന്തുടർന്ന് ജീവിക്കാൻ അവകാശമുണ്ടെന്നും മഅദനി കൂട്ടിച്ചേർത്തു. ഹിജാബ് വിഷയം പിന്നീട് സംഘടന വിശദമായി ചർച്ചചെയ്യുമെന്നും അർഷാദ് മഅദനി പറഞ്ഞു.
















Comments