ലൈബ്രറികളിൽ നിന്നും എടുക്കുന്ന പുസ്തകങ്ങൾ യഥാസമയം തിരിച്ചേൽപ്പിക്കുക എന്ന നല്ല ശീലം തീരെയില്ലാത്തവരാണധികവും. കുറച്ച് ഫൈൻ അടച്ചാലും ലൈബ്രേറിയൻ മുഖം കറുപ്പിച്ചാലും കുഴപ്പമില്ല വായിക്കാനെടുക്കുന്ന പുസ്തകം കുറച്ച് ലേറ്റ് കൊടുത്താൽമതി എന്ന് ചിന്തിക്കുന്നവരാണ് പലരും….. ഇത് തിരിച്ചെത്തിയാലേ മറ്റൊരാൾക്ക് നൽകാൻ സാധിക്കൂ എന്ന ആലോചനയൊന്നും ഈ വിരുതൻമാർക്ക് ഉണ്ടാവില്ല…. സ്വന്തം കാര്യം സിന്ദാബാദ്…..
എന്നാൽ ഇത്തരക്കാർക്ക് മുട്ടൻ പണികൊടുക്കുന്ന ചില ലൈബ്രറികളുണ്ട് അങ്ങ് യൂറോപ്പിൽ… ഇവിടുത്ത ചില ഗ്രന്ഥശാലകളിൽ പുസ്തകങ്ങൾ ചങ്ങലക്കിട്ട് പൂട്ടിവെച്ചിരിക്കുകയാണ്. പുസ്തകങ്ങളെ ചങ്ങലയ്‌ക്കിടുകയോ? കേൾക്കുമ്പോൾ നിങ്ങൾക്ക് കൗതുകവും ആശ്ചര്യവും തോന്നുന്നുണ്ടല്ലേ…. വീട്ടിലെ വളർത്തു നായ്‌ക്കളേയും മറ്റും ചങ്ങലയ്‌ക്കിടുന്നതായി കേട്ടിട്ടുണ്ട് എന്നാൽ പുസ്തകങ്ങളെ ചങ്ങലയ്‌ക്കിടുന്നത് നിങ്ങൾ ആദ്യമായി കേൾക്കുകയായിരിക്കും.
ഇവിടുത്തെ പുസ്തകങ്ങളെ ചങ്ങലയ്‌ക്കിട്ടത് അവയ്‌ക്ക് ഭ്രാന്ത് പിടിച്ചിട്ടൊന്നുമല്ല? പിന്നെ? അവ ആരും എടുത്ത് കൊണ്ട് പോകരുത് എന്ന് കരുതിയിട്ടാണ്. അതിപ്രശസ്തമായ രചനകൾ മോഷണം പോകുന്നത് യുറോപ്പിൽ വ്യാപകമായതോടെയാണ് ചില ലൈബ്രറി അധികൃതരുടെ മനസ്സിൽ പുസ്തകങ്ങളെ ചങ്ങലയിൽ തളയ്‌ക്കുന്ന എന്ന ആശയം ഉദിച്ചത്….മോഷ്ടാക്കൾക്ക് മാത്രമല്ല പുസ്തങ്ങൾ എടുത്ത് തിരിച്ചേൽപ്പിക്കാരെ മുങ്ങിനടക്കുന്നവർക്കും എട്ടിന്റെ പണിയാണ് ഈ ലൈബ്രറിക്കാർ നൽകിയത്…
അച്ചടി വിദ്യ അത്ര പരിഷ്‌കൃതമല്ലാതിരുന്ന കാലത്ത് ഇറങ്ങിയ പല ലോക പ്രശസ്ത രചനകൾക്കും അന്ന് കൂടൂതൽ കോപ്പികൾ ലഭ്യമായിരുന്നില്ല.ഇന്നത്തെ പോലെയല്ല പണ്ട് ഒരു പുസ്തകത്തിന്റെ പതിനായിരക്കണക്കിന് കോപ്പികളൊന്നും അച്ചടിച്ചിരുന്നില്ല. വളരെ കുറച്ച് കോപ്പികൾ മാത്രം. ഈ അവസ്ഥയിൽ ഒരു പുസ്തകം നഷ്ടപ്പെട്ടാൽ പോയത് തന്നെയെന്ന് ചുരുക്കം.
ഇതെല്ലാം തടയാനാണ് പുസ്തകങ്ങളെ ചങ്ങലയ്‌ക്കിടുന്നത്. പുറം ചട്ടയിലോ പുസ്‌കങ്ങളുടെ മൂലയിലോ ആണ് ചങ്ങലയിടാറ്. ചങ്ങലയുടെ താക്കോൽ ലൈബ്രറിയുടെ നിരീക്ഷണ ചുമതല ഉള്ള ആളുടെ കൈവശം മാത്രമ ഉണ്ടാവുകയുമുള്ളൂ. എന്നാൽ ചങ്ങലയ്‌ക്കിടുന്നത് അല്പം ചിലവേറിയ പരിപാടി ആയതിനാൽ എല്ലാ പുസ്തകങ്ങളും ഇങ്ങനെ ചങ്ങലയ്‌ക്കിടാറില്ല.പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളും മതപരമായ പുസ്തകങ്ങളുമാണ് ഇങ്ങനെ ചങ്ങലയ്‌ക്കിടാറ്.
പുസ്തകങ്ങൾ വായിക്കാൻ അനുവദിക്കാതെ ചങ്ങലയ്‌ക്കിട്ടിട്ട് എന്ത് കാര്യം എന്ന് ചോദിക്കാൻ വരട്ടെ ,ചങ്ങലയ്‌ക്കിട്ടതാണെങ്കിലും അവ അലമാരയുടെ തട്ടിൽ നിവർത്തി വെച്ച് ആവശ്യക്കാർക്ക് വായിക്കാം.ചിലയിടങ്ങളിൽ ചങ്ങലയ്‌ക്കിട്ട പുസ്തകങ്ങളുടെ അരികെ എസ് ആകൃതിയിലുള്ള ഇരിപ്പിടങ്ങളും ഒരുക്കി വെയ്‌ക്കാറുണ്ട്.
യുകെയിൽ ഒട്ടുമിക്ക പുരാതന ലൈബ്രറികളിലും ഇങ്ങനെ ചങ്ങലയ്‌ക്കിട്ട പുസ്തകങ്ങളെയും ഇരിപ്പിടങ്ങളേയും കാണാൻ സാധിക്കും. ഇംഗ്ലണ്ടിലെ ഹെർഫോഡിൽ 1611 ൽ സ്ഥാപിതമായ കത്ത്രീഡൽ ലൈബ്രറി ആണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്.നിരവധി പുസ്തകങ്ങളാണ് ഇവിടെ ഇങ്ങനെ ചങ്ങലയ്‌ക്കിട്ട് വെച്ചിരിക്കുന്നത്.മതപരമായ പുസ്തകങ്ങളാണ് ഇവിടെ കൂടുതലും ചങ്ങലയ്‌ക്കിട്ട് വെച്ചിരിക്കുന്നത്.
1598 ൽ സ്ഥാപിതമായ ലിങ്കൺഷെയറിലെ ഗ്രന്ഥാമിലുള്ള ഫ്രാൻസിസ് ട്രിഗ്ലെ ചെയിൻഡ് ലൈബ്രറി ആണ് മറ്റൊരു പ്രശസ്തമായ ചെയിൻഡ് ലൈബ്രറി. 19ാം നൂറ്റാണ്ടുകളുടെ അവസാനത്തോടെ അച്ചടിശാലകളുടെ എണ്ണം വർദ്ധിച്ചതും പുസ്‌കങ്ങൾ വിപണിയിൽ സുലഭമായി ലഭികാകൻ തുടങ്ങിയതും പുസ്‌കങ്ങളെ ചങ്ങലയ്‌ക്കിടുന്ന രീതിയ്‌ക്ക് കുറവ് വരുത്തി. എന്നാൽ ഇന്നും കൗതുക കാഴ്ചയെന്നോണം യുകെയിലെ തെരുവുകളിലെ ചില പുരാതന ലൈബ്രറികൾ ചങ്ങലയ്‌ക്കിട്ട് പുസ്തകങ്ങൾ സൂക്ഷിക്കുന്നു.















Comments