കീവ്: യുക്രെയ്‌നിൽ റഷ്യ നടത്തുന്ന അധിനിവേശവും രക്തച്ചൊരിച്ചിലും അവസാനിപ്പിക്കാൻ കളമൊരുങ്ങുന്നു. ബെലറൂസ് അതിർത്തിയിൽ ചർച്ച നടത്താൻ സന്നദ്ധമാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊലോഡിമർ സെലൻസ്‌കിയുടെ ഓഫീസ് അറിയിച്ചു. നേരത്തെ ബലറൂസിൽ ചർച്ച നടത്താൻ റഷ്യ മുന്നോട്ടുവന്നെങ്കിലും യുദ്ധം അവസാനിപ്പിക്കാതെ ചർച്ചയില്ലെന്നും അധിനിവേശത്തിന് ഒത്താശ ചെയ്യുന്ന ബലറൂസിൽ വെച്ചുളള ചർച്ചയ്‌ക്ക് സന്നദ്ധമല്ലെന്നുമുളള നിലപാടിലായിരുന്നു യുക്രെയ്ൻ.
ഇതിന് ശേഷം നടന്ന ചർച്ചയിലാണ് നിർണായക പുരോഗതി ഉണ്ടായത്. ബെലറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെൻകോ യുക്രെയ്ൻ പ്രസിഡന്റ് വൊലോഡിമർ സെലൻസ്‌കിയെ വിളിച്ച് ചർച്ച നടത്തിയിരുന്നു. തുടർന്നാണ് ബെലറൂസ് അതിർത്തിയിൽ ചർച്ചയ്‌ക്ക് യുക്രെയ്ൻ സമ്മതം അറിയിച്ചത്.
ബെലറൂസ് അതിർത്തിയിൽ പ്രിപ്യാത് നദിയുടെ തീരത്താണ് ചർച്ച നടക്കുക. ഉപാധികൾ ഇല്ലാതെയാണ് ഇരുപക്ഷവും ചർച്ചയ്‌ക്ക് തയ്യാറായത്. ഇതും പ്രതീക്ഷ വർദ്ധിപ്പിക്കുകയാണ്. യുക്രെയ്ൻ പ്രതിനിധിസംഘമാകും ചർച്ചകൾക്കായി എത്തുക. ഇവർ വന്നുപോകുന്നതുവരെ ബലറൂസ് മേഖലയിലുളള എല്ലാ യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും മിസൈലുകളും നിശ്ചലമായി തുടരുമെന്നും അലക്‌സാണ്ടർ ലുകാഷെൻകോ യുക്രെയ്‌ന് ഉറപ്പു നൽകി.
നാല് ദിവസമായി തുടരുന്ന യുദ്ധത്തിൽ ഇതുവരെ 368000 ത്തിലധികം അഭയാർത്ഥികൾ അയൽരാജ്യങ്ങളിലേക്ക് നീങ്ങിയതായി യുഎൻ അഭയാർത്ഥി വിഭാഗം വ്യക്തമാക്കിയിരുന്നു. സുരക്ഷാ ഭീഷണിയെ തുടർന്ന് യുഎൻ ഏജൻസികളുടെ യുക്രെയ്‌നിലെ പ്രവർത്തനവും താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. ജർമ്മനിയും യുഎസും യുകെയും യൂറോപ്യൻ രാജ്യങ്ങളും യുക്രെയ്‌ന് കൂടുതൽ സൈനിക, സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ചതോടെയാണ് റഷ്യ നിലപാടിൽ അയവ് വരുത്തി ചർച്ചയ്‌ക്ക് തയ്യാറായത്.
















Comments