ലക്നൗ : ഉത്തർപ്രദേശിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് അവസാനിക്കുമ്പോൾ പോളിംഗ് ശതമാനം 54.34 ൽ എത്തിനിൽക്കുകയാണ്. 12 ജില്ലകളിൽ 61 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. അമേഠി, റായ്ബറേലി, അയോദ്ധ്യ, പ്രതാപ്ഗഢ്, കൗശാംഭി, പ്രയാഗ് രാജ്, ബരാബങ്കി, ഗോണ്ട, ചിത്രകൂട്, സുൽത്താൻപൂർ, ശ്രാവസ്തി എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്.
ചിത്രകൂടിലാണ് ഏറ്റവുമധികം പോളിംദഗ് നടന്നത്. 59.64 ശതമാനം ആയിരുന്നു പോളിംഗ്. എന്നാൽ പ്രയാഗ് രാജിൽ സ്ഥാനാർത്ഥികളുടെ പ്രതീക്ഷ കുറച്ചുകൊണ്ട് 51.82 ശതമാനം മാത്രമായിരുന്നു പോളിംഗ്. അമേഠി- 53.43%, അയോദ്ധ്യ- 58.01%, ബഹ്റൈച്ച്- 54.60%, ബാരബങ്കി- 54.65%, ചിത്രകൂട്- 59.64%, ഗോണ്ട- 54.47%, കൗഷാമ്പി- 57.01%, പ്രതാപ്ഗഢ്- 52.14%, പ്രയാഗ് രാജ്- 51.82%, റായ്ബറേലി- 56.06%, ശ്രവാസ്തി- 57.24%, സുൽത്താൻപൂർ- 54.88% എന്നിങ്ങനെയാണ് പോളിംഗ് നടന്നത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
അഞ്ചാം ഘട്ട വോട്ടെടുപ്പ് നടന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. പോളിംഗിനിടെ ആക്രമണങ്ങൾ നടന്നിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
യുപിയിലെ 403 അസംബ്ലി സീറ്റുകളിൽ 292 ഇടത്തേയ്‌ക്കുള്ള വോട്ടെടുപ്പ് ഇതിനകം പൂർത്തിയായി. ഏഴ് ഘട്ടമായാണ് യുപിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് മൂന്നിന് ആറാം ഘട്ട വോട്ടെടുപ്പും, മാർച്ച് ഏഴിന്, ഏഴാം ഘട്ടവും നടക്കും. ഇതോടെ യുപിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകും മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.
















Comments