ന്യൂഡൽഹി: കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗയുടെ മകളുടെ കാഴ്ച തിരിച്ചുനൽകിയ ആയൂർവേദത്തിന്റെ മഹത്വം ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി. മൻ കി ബാത്തിലാണ് തന്റെ സുഹൃത്ത് കൂടിയായ റെയ്‌ല ഒഡിംഗയുടെ കുടുംബത്തിലുണ്ടായ മാറ്റത്തെക്കുറിച്ച് പ്രധാനമന്ത്രി തുറന്ന് പറഞ്ഞത്.
അദ്ദേഹത്തിന്റെ മകൾ റോസ്‌മേരിക്ക് ബ്രെയിൻ ട്യൂമർ ഉണ്ടായിരുന്നു. മകൾക്ക് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. അതിന്റെ പാർശ്വഫലമായി റോസ്‌മേരിയുടെ കാഴ്ചശക്തി ഏതാണ്ട് നഷ്ടപ്പെട്ടു. അവൾ അന്ധയായി. ലോകമെമ്പാടുമുള്ള ആശുപത്രികളിൽ, മകളുടെ ചികിത്സയ്‌ക്കായി അദ്ദേഹം പരമാവധി പരിശ്രമിച്ചു. പക്ഷേ, വിജയിച്ചില്ല, എല്ലാ പ്രതീക്ഷകളും നശിച്ചു.
വീട്ടിലുടനീളം നിരാശയുടെ അന്തരീക്ഷമായിരുന്നു. ഇതിനിടയിൽ ആരോ ആയുർവേദ ചികിൽസയ്‌ക്കായി ഇന്ത്യയിലേക്ക് വരാൻ നിർദ്ദേശിച്ചു. അവർ ഒരുപാട് ചികിത്സകൾ ഇതിനകം ചെയ്ത് മടുത്തിരുന്നു. എന്നിട്ടും ഒരിക്കൽ കൂടി ശ്രമിക്കാം എന്നു കരുതി. അങ്ങനെ അദ്ദേഹം കേരളത്തിലെ ആയുർവേദ ആശുപത്രിയിൽ മകളെ ചികിത്സിക്കാൻ തുടങ്ങി. മകൾ വളരെക്കാലം ഇവിടെ താമസിച്ചു. ആയുർവേദ ചികിത്സയുടെ ഫലമായി റോസ്‌മേരിയുടെ കാഴ്ചശക്തി ഒരു പരിധിവരെ തിരിച്ചുവന്നു. ഒരു പുതിയ ജീവിതം കണ്ടെത്തി.
റോസ്‌മേരിയുടെ ജീവിതത്തിൽ വെളിച്ചം വന്നതിനാൽ അവളുടെ കുടുംബത്തിലാകെ ഒരു പുതിയ വെളിച്ചം വന്നു. ഒഡിംഗ വളരെ വികാരാധീനനായിട്ടാണ് തന്നോട് ഈ കാര്യം പറഞ്ഞതെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ നാടിന്റെ പാരമ്പര്യം കാരണം ഒരാളുടെ ജീവിതത്തിൽ ഇത്രയും വലിയ കഷ്ടപ്പാട് ഇല്ലാതായത്തിൽ ഞാൻ അതിരറ്റ് സന്തോഷിക്കുന്നു. ഇതിൽ അഭിമാനിക്കാത്ത ഇന്ത്യക്കാരുണ്ടാവില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ബ്രിട്ടനിലെ ചാൾസ് രാജകുമാരനും ആയുർവേദത്തിന്റെ ഏറ്റവും വലിയ ആരാധകരിൽ ഒരാളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തെ കാണുമ്പോഴെല്ലാം ആയുർവേദത്തെക്കുറിച്ച് പരാമർശിക്കാറുണ്ട്. ഇന്ത്യയിലെ നിരവധി ആയുർവേദ സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തിനുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആയുർവേദത്തെ സംബന്ധിച്ച ഇന്ത്യയുടെ ശാസ്ത്രീയ അറിവുകൾ കെനിയയിൽ എത്തിക്കണമെന്ന് ഒഡിംഗ ആഗ്രഹിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. അതിൽ ഉപയോഗിക്കുന്ന ചെടികളുടെ ഇനം മനസ്സിലാക്കി അവർ ആ ചെടികൾ നട്ടുപിടിപ്പിക്കും. കൂടുതൽ ആളുകൾക്ക് അതിന്റെ പ്രയോജനം ലഭിക്കാൻ അവർ പരമാവധി ശ്രമിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കൂത്താട്ടുകുളം ശ്രീധരീയം നേത്രചികിത്സാ കേന്ദ്രത്തിലായിരുന്നു റോസ്‌മേരിയുടെ ചികിത്സ. 2019 ൽ ഇവിടെ ചികിത്സ തേടിയെത്തിയ ഇവർ ഈ മാസം ആദ്യം തുടർ ചികിത്സയ്‌ക്കും എത്തിയിരുന്നു.
കഴിഞ്ഞ ഏഴു വർഷമായി രാജ്യത്ത് ആയുർവേദത്തിന്റെ പ്രചാരണത്തിന് വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആയുഷ് മന്ത്രാലയം രൂപീകരിച്ചതോടെ ആരോഗ്യ ചികിത്സാ മേഖലയിലെ നമ്മുടെ പരമ്പരാഗത ആരോഗ്യരീതികൾ ജനകീയമാക്കാനുള്ള തീരുമാനം ശക്തമായി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ആയുർവേദ മേഖലയിൽ നിരവധി പുതിയ സ്റ്റാർട്ടപ്പുകൾ വന്നിട്ടുണ്ട്. ഈ മാസം ആദ്യം ആയുഷ് സ്റ്റാർട്ടപ്പ് ചലഞ്ച് തുടങ്ങിയിരുന്നു. ഈ രംഗത്ത് പ്രവർത്തിക്കുന്നവരെ തിരിച്ചറിയുകയും പിന്തുണയ്‌ക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Comments