ലക്‌നൗ: തന്റെ മരണത്തിന് വേണ്ടി രാഷ്‌ട്രീയ എതിരാളികൾ കാശിയിൽ പ്രാർത്ഥനകൾ നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രീയത്തിൽ ആളുകൾ അത്രത്തോളം തരംതാഴ്ന്നുവെന്ന് ഇതിലൂടെ മനസിലായെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാശി വിശ്വനാഥ ക്ഷേത്ര ദർശനത്തിന് ശേഷം വാരാണാസിയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാശിയിൽ തന്റെ മരണം സൂചിപ്പിച്ച് സമാജ്വാദ് പാർട്ടി നേതാവ് അഖിലേഷ് യാദവ് നടത്തിയ പ്രസ്താവനയ്‌ക്കും പ്രധാനമന്ത്രി ശക്തമായ തിരിച്ചടി നൽകി. തന്റെ മരണത്തിന് വേണ്ടി പ്രാർത്ഥന നടത്തിയെന്ന വിവരം അറിഞ്ഞപ്പോൾ സന്തോഷം തോന്നിയെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിന്റെ അർത്ഥം തന്റെ മരണം വരെ താൻ കാശിവിടില്ല. കാശിയോ അവിടുത്തെ ആളുകളോ തന്നെ തള്ളിപ്പറയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
2021 ഡിസംബറിലെ ബനാറസ് സന്ദർശന വേളയിലാണ് പ്രധാനമന്ത്രിയെ അഖിലേഷ് യാദവ് വിമർശിച്ചത്. ആളുകൾ ഇതുപോലുള്ള നഗരത്തിൽ സാധാരണ അവരുടെ അന്ത്യ ദിനങ്ങളിലാണ് സന്ദർശിക്കുക എന്നായിരുന്നു അഖിലേഷ് യാദവ് പറഞ്ഞത്. അഖിലേഷ് യാദവിനെതിരെ അന്ന് വലിയ വിമർശനമാണ് ഉയർന്നത്.
മുൻ സർക്കാരുകർ കാശി നഗരത്തിന്റെ വികസനം ഇല്ലാതാക്കാനാണ് ശ്രമിച്ചതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഇന്ത്യൻ സംസ്‌കാരത്തിന്റെ പുരാതന തലസ്ഥാനമായിരുന്നു കാശി. മഹാദേവന്റെ അനുഗ്രഹത്താൽ ബനാറസ് മാറുകയാണ്. തീവ്രവാദികൾ സമാജ്വാദി പാർട്ടി സർക്കാരിന്റെ കാലത്ത് നിർഭയരായിരുന്നു. അവർ ഘട്ടുകളിലും ക്ഷേത്രങ്ങളിലും സ്‌ഫോടനങ്ങൾ നടത്തുന്നത് പതിവായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
















Comments