ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനാണ് ഇപ്പോൾ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞായറാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക, യുക്രെയ്‌നിൽ നിന്ന് അവരെ സുരക്ഷിതമായി ഒഴിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് പ്രഥമ പരിഗണനയെന്ന് യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ഒഴിപ്പിക്കൽ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി യുക്രെയ്‌നിന്റെ അയൽരാജ്യങ്ങളുടെ സഹകരണവും അഭ്യർത്ഥിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ നടന്ന പരിപാടിക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടത്തിയത്.
റഷ്യ യുക്രെയ്‌നിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ നിരവധി ഇന്ത്യൻ പൗരന്മാർ ഇവിടെ കുടുങ്ങിയിരുന്നു. ഇവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. റഷ്യൻ ആക്രമണം രൂക്ഷമായതിന് പിന്നാലെ ഇന്ത്യൻ പൗരന്മാരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള പദ്ധതികൾ കേന്ദ്രസർക്കാർ ശക്തമാക്കിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 900 പേരെയാണ് യുക്രെയ്‌നിൽ നിന്ന് തിരികെയെത്തിച്ചത്. വരും ദിവസങ്ങളിൽ ഇതിനായി കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തിയേക്കും.
അതേസമയം യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എന്നിവരുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചിരുന്നു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കുന്നതിനായി ചർച്ചകൾ നടത്തണമെന്നാണ് പ്രധാനമന്ത്രി നിർദ്ദേശിച്ചത്.
















Comments