മോസ്‌കോ: യുക്രെയ്ൻ-റഷ്യ യുദ്ധത്തിനിടെ നിർണായക നീക്കവുമായി ബെലറൂസ്. ബെലറൂസിൽ റഷ്യയ്‌ക്ക് ആണവായുധം വിന്യസിക്കാനുള്ള അനുമതി നൽകി. ആണവായുധമുക്ത രാഷ്‌ട്രപദവി നീക്കുന്ന ഭരണഘടനാ ഭേദഗതി ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെങ്കോ പാസാക്കി. ഇതോടെ റഷ്യൻ ആണവായുധങ്ങൾ ബെലറൂസിൽ വിന്യസിക്കാനുള്ള തടസം നീങ്ങി. കൂടാതെ 2035 വരെ ലൂക്കാഷെങ്കോയ്‌ക്ക് അധികാരത്തില്‍ തുടരുകയും ചെയ്യാം.
യുക്രൈനെതിരെ ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഭീഷണിക്ക് പിന്നാലെയാണ് നീക്കം. ആണവായുധ സേനയോട് സജ്ജരായിരിക്കാനാണ് കഴിഞ്ഞ ദിവസം പുടിൻ പറഞ്ഞത്. ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധ ശേഖരങ്ങളുള്ള രാജ്യങ്ങളിലൊന്ന് റഷ്യയാണ്. നാറ്റോ പ്രകോപിപ്പിക്കുന്നതിനാലാണ് ഈ തീരുമാനമെന്നും പുടിൻ പറഞ്ഞിരുന്നു.
2019ലെ ഏറ്റവും അഴിമതിക്കാരായ ലോക നേതാക്കളിൽ ഒന്നാം സ്ഥാനമാണ് ബെലറൂസ് പ്രസിഡന്റ് ലൂക്കാഷെങ്കോയ്‌ക്കുള്ളത്. അധികാരം മുഴുവൻ സ്വന്തം വസതിയിൽ കേന്ദ്രീകരിച്ച സ്വേച്ഛാധിപതിയെന്ന അപഖ്യാതിയും ലൂക്കാഷെങ്കോയ്‌ക്കുണ്ട്. കുടിയേറ്റക്കാർക്ക് പുറമെ സ്വന്തം ജനതയോട് കൂടി മോശമായി പെരുമാറിയ ചരിത്രനാണ് ലൂക്കാഷെങ്കോയ്‌ക്കുള്ളത്.
അതിനിടെ ബെലറൂസിനെതിരെയുള്ള സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തിയിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. ബെലറൂസിൽ റഷ്യയും യുക്രെയ്ൻ പ്രതിനിധികളും തമ്മിൽ ചർച്ച നടക്കുന്നതിനിടെയാണ് ആണവായുധമുക്ത രാഷ്‌ട്രപദവി നീക്കുന്ന ഭരണഘടനാ ഭേദഗതിയ്‌ക്ക് തയ്യാറാകുന്നത്.
Comments