കണ്ണൂർ: കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിൽ അന്വേഷണം നടക്കുന്നത് സിപിഎമ്മും പോലീസും സംയുക്തമായി ഉണ്ടാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് ബിജെപി. ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടത് മറച്ചുവെക്കാൻ കേസ് ബിജെപി-ആർഎസ്എസ് പ്രവർത്തകരുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണ്. സിപിഎം പോലീസുമായി ചേർന്ന് മെനഞ്ഞുണ്ടാക്കിയ തിരക്കഥയെ അടിസ്ഥാനമാക്കിയാണ് അറസ്റ്റുകൾ രേഖപ്പെടുത്തുന്നത്. പോലീസും മാർക്‌സിസ്റ്റ് പാർട്ടിയുടെ ഭാഗമായെന്ന് ബിജെപി ദേശിയസമിതി അംഗം പികെ കൃഷ്ണദാസ് കണ്ണൂരിൽ പറഞ്ഞു. പോലീസ് നീക്കത്തിനെതിരെ തലശേരിയിൽ നടന്ന എസ്പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ പ്രവർത്തനമാണ് ജില്ലാ പോലീസ് മേധാവി ചെയ്യുന്നത്. കേസിൽ ലിജേഷ് പ്രതിയാണെന്ന് പറയുന്നത് സിപിഎം ജില്ലാ സെക്രട്ടറിയാണ്. ജില്ലാ സെക്രട്ടറി പറയുന്നതിനനുസരിച്ചാണ് ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. കേരളപോലീസിലെ ഒരു വിഭാഗം തൊപ്പിയും ലാത്തിയും സിപിഎം ഓഫീസിൽ പണയം വെച്ചത് ലജ്ജാകരം തന്നെയാണെന്നും വീണ് കിട്ടിയ അവസരം മുതലെടുത്ത് ബിജെപി പ്രവർത്തകരെ കള്ളകേസിൽ കുടുക്കുകയാണെന്നും പി.കെ കൃഷ്ണദാസ് പ്രതികരിച്ചു.
കണ്ണൂർ ജില്ലയിൽ കലാപം ഉണ്ടാക്കാൻ സിപിഎമ്മിന്റെ ആസൂത്രിതമായ നീക്കമാണ് നടക്കുന്നതെന്നും അതിന്റെ ഭാഗമായാണ് കല്യാണ വീട്ടിൽ പോലും സിപിഎമ്മുകാർ ബോംബ് കൊണ്ടുപോകുന്നതെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. നിരപരാധികളെ കള്ളക്കേസിൽ പ്രതികളാക്കുന്ന പോലീസ് നയത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ തലശ്ശേരി എ.സി.പി ഓഫീസ് മാർച്ച് നടന്നു. ബിജെപി ദേശിയസമിതി അംഗം പികെ കൃഷ്ണദാസ് മാർച്ച് ഉദ്ഘാടനം ചെയ്തു.
















Comments