ന്യൂഡൽഹി: യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ സ്‌പൈസ് ജെറ്റും വിമാന സർവീസ് നടത്തും. എയർ-ഇന്ത്യയ്‌ക്കും ഇൻഡിഗോയ്‌ക്കും പുറമേയാണ് സ്‌പൈസ് ജെറ്റും ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകുന്നത്.
ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്ന് രക്ഷാദൗത്യ വിമാനം സർവീസ് നടത്തുമെന്ന് സ്‌പൈസ് ജെറ്റ് വ്യക്തമാക്കി. ബോയിങ് 737 എംഎഎക്‌സ് എയർക്രാഫ്റ്റാണ് ഇതിനായി ഒരുങ്ങുന്നത്. ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന വിമാനം ബുഡാപെസ്റ്റിലെത്തിയിതിന് ശേഷം ജോർജിയയിലെ കുട്ടൈസി വഴി വിദ്യാർത്ഥികളുമായി മടങ്ങും. മാർച്ച് രണ്ടിനായിരിക്കും സർവീസെന്നാണ് വിവരം.
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇതുവരെ ആറ് വിമാനങ്ങളാണ് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി ഇന്ത്യയിലേക്ക് തിരിച്ചത്. ആറാമത്തെ വിമാനം ഇന്ന് വൈകിട്ടോടെ ഡൽഹിയിലെത്തും. 240 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്. യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കാൻ റെഡ് ക്രോസും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം യുക്രെയ്‌നിലെ വ്യോമമേഖല റഷ്യയുടെ നിയന്ത്രണത്തിലായെന്നാണ് റിപ്പോർട്ട്. ജനങ്ങൾക്ക് സമാധാനപരമായി കീവിൽ നിന്ന് ഒഴിഞ്ഞുപോകാമെന്ന് റഷ്യ അറിയിച്ചു. കർഫ്യൂ പിൻവലിച്ചതോടെ കീവ് വിടാനുള്ള ഒരുക്കത്തിലാണ് ജനങ്ങൾ.
















Comments