ന്യൂഡൽഹി: ഐപിഎൽ ടീം കിംഗ്‌സ് ഇലവൻ പഞ്ചാബിന്റെ നായകനായി മായങ്ക് അഗർവാൾ. കഴിഞ്ഞ സീസണുകളിൽ ടീമിനെ നയിച്ച കെ.എൽ രാഹുല് ടീം വിട്ടതോടെയാണ് മായങ്ക് നായക സ്ഥാനത്തേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2018 മുതൽ ടീമിന്റെ ഭാഗമാണ് മായങ്ക്.
‘2018 മുതൽ ഞാൻ പഞ്ചാബിന്റെ ഭാഗമാണ്. പഞ്ചാബിന് വേണ്ടി കളിക്കുക എന്നത് വളരെ അധികം അഭിമാനം നൽകുന്ന ഒന്നാണ്. ഇക്കുറി ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്’ മായങ്ക് പറഞ്ഞു. ഈ ഉത്തരവാദിത്വം ആത്മാർഥതയോടെ ഏറ്റെടുക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.
ഐപിഎൽ കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ തവണയും തങ്ങൾ കളത്തിലിറങ്ങുന്നത്. ഒരിക്കൽ കൂടി അതേ ലക്ഷ്യത്തോടെ തങ്ങൾ പോരാടും. ടീമിലെ കഴിവുറ്റ താരങ്ങളാൽ ഇക്കുറി എന്റെ ജോലി കൂടുതൽ എളുപ്പമാകുമെന്നും മായങ്ക് അഭിപ്രായപ്പെട്ടു. നായക സ്ഥാനം നൽകിയ ടീം മാനേജ്‌മെന്റിന് അദ്ദേഹം നന്ദി അറിയിച്ചു.
മാർച്ച് 26നാണ് ഐപിഎല്ലിന്റെ പുതിയ സീസണിന്റെ ആരംഭം. മുംബൈയിലും, പൂനെയിലുമായി വിവിധ മൈതാനങ്ങളിൽ വെച്ചാണ് മത്സരം നടക്കുന്നത്. ഗുജറാത്ത് ടൈറ്റൻസ്, ലക്‌നൗ സൂപ്പർ ജയന്റ്‌സ് എന്നീ രണ്ട് ടീമുകൾ കൂടി ഇത്തവണ ടൂർണമെന്റിന്റെ ഭാഗമാണ്.
















Comments