കൊച്ചി: അന്താരാഷ്‌ട്ര വനിത ദിനമായ മാർച്ച് 8 ന് കൊച്ചി മെട്രോയിൽ വനിതകൾക്ക് തികച്ചും സൗജന്യമായി യാത്രചെയ്യാം. ഏതുസ്റ്റേഷനുകളിൽ നിന്ന് ഏതുസ്റ്റേഷനുകളിലേക്കും പരിധിയില്ലാത്ത സൗജന്യയാത്രയാണ് അന്നേ ദിവസം ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു. വനിതാദിനാഘോഷത്തിന്റെ ഭാഗമായി വിവിധ സ്റ്റേഷനുകളിൽ ആകർഷകമായ മത്സരങ്ങളും വ്യത്യസ്തമായ പരിപാടികളും സംഘടിപ്പിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കൂടാതെ, മഹാ ശിവരാത്രി പ്രമാണിച്ചും കൊച്ചി മെട്രോ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. നാളെ രാത്രിയും മറ്റന്നാൾ വെളുപ്പിനുമാണ് അധിക പ്രത്യേക സർവീസുകൾ. നാളെ പേട്ടയിൽ നിന്ന് രാത്രി 11 മണിക്ക് ആലുവയിലേക്ക് പ്രത്യേക സർവീസ് ഉണ്ടാകും.
മറ്റന്നാൾ വെളുപ്പിന് 4.30 മുതൽ പേട്ടയിലേക്കുള്ള സർവീസ് ആലുവ സ്റ്റേഷനിൽ നിന്ന് ആരംഭിക്കും. പിന്നീട് 30 മിനിറ്റ് ഇടവിട്ട് ആലുവയിൽ നിന്ന് പേട്ടയ്‌ക്ക് ട്രെയിൻ സർവീസ് ഉണ്ടാകും. ആലുവ മെട്രോ സ്റ്റേഷന് തൊട്ടടടുത്തുള്ള മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ദിനത്തിൽ എത്തുന്നവർക്ക് വന്നുപോകാനുള്ള സൗകര്യത്തിനാണ് കൊച്ചി മെട്രോ പ്രത്യേക സർവീസ് ഏർപ്പെടുത്തുന്നത് .
Comments