കൊച്ചി: യുക്രെയ്‌നിൽ യുദ്ധം അവസാനിപ്പിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അടിയന്തിരമായി യുദ്ധം നിർത്തണം. പഴയ കരാറുകളും ധാരണകളും തുടരാൻ തയ്യാറാകണമെന്നും യെച്ചൂരി പറഞ്ഞു. കൊച്ചിയിൽ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റഷ്യൻ കടന്നാക്രമണം ഒരു ഉത്തരമായി കാണുന്നില്ല. എന്നാൽ എങ്ങനെയാണ് ഇന്നത്തെ സാഹചര്യത്തിലേക്ക് എത്തിച്ചേർന്നത് എന്ന് പരിശോധിക്കണം. യുഎസുമായി ബന്ധപ്പെട്ടാണ് അതിന്റെ കാരണം. സോവിയറ്റ് യൂണിയന്റെ തകർച്ചയ്‌ക്ക് ശേഷം നൽകിയ ഉറപ്പുകൾ അമേരിക്ക ലംഘിക്കുകയാണ്. യുക്രെയ്ൻ ഒഴികെ ബാക്കിയെല്ലാ മേഖലകളിലേക്കും നാറ്റോ സൈന്യത്തെ വിന്യസിച്ചു.
പുടിന്റെ നേതൃത്വത്തിലുളള റഷ്യ സങ്കുചിതമായ ദേശീയവാദത്തെ ശക്തിപ്പെടുത്തു. നേരത്തെ ചെയ്ത ഒരു തെറ്റായിരുന്നു യുക്രെയ്‌ന് സ്വതന്ത്ര രാജ്യം എന്ന പദവി നൽകിയതെന്നും അല്ലെങ്കിൽ റഷ്യയുടെ ഭാഗമായി നിൽക്കേണ്ടതായിരുന്നുവെന്നുമുളള സങ്കുചിതവാദം ശക്തിപ്പെടുത്തിയെന്നും യെച്ചൂരി പറഞ്ഞു.
ആണവശേഷിയുളള മേഖലകളാണിത്. ആണവ റിയാക്ടറുകളെ പുനരുജ്ജീവിപ്പിക്കുമെന്ന് റഷ്യ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇത് കൂടുതൽ അനിശ്ചിതത്വത്തിലേക്ക് നയിക്കും. അമേരിക്കൻ സാമ്രാജ്യത്വത്തിന് വെല്ലുവിളിയുയർത്തുന്നത് കൊണ്ട് ചൈനയെ ഒറ്റപ്പെടുത്തുകയാണ്. ചൈനയെ ഒതുക്കി നിർത്താനായിരുന്നു എന്നും അമേരിക്കയുടെ ശ്രമം. ഇപ്പോൾ ഒതുക്കി നിർത്താനും ഒറ്റപ്പെടുത്താനും ശ്രമിക്കുകയാണെന്നും യെച്ചൂരി ആരോപിച്ചു.
Comments